'ഫാസിസ്റ്റുകള്‍ ഇന്ത്യയെ തകര്‍ക്കുന്നു'; ജനങ്ങള്‍ പ്രതികരിക്കേണ്ട സമയമെന്ന് വിഎസ്

By Web TeamFirst Published Aug 5, 2019, 6:01 PM IST
Highlights

'ഇന്ത്യന്‍ ജനാധിപത്യത്തെ ഫാസിസത്തിന്‍റെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴക്കുകയാണ്'

തിരുവനന്തപുരം: ജമ്മുകശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയ തീരുമാനത്തെ അപലപിച്ച് വിഎസ് അച്ഛുതാനന്ദന്‍. ഭരണകൂടം രാജ്യത്തോടെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഫാസിസ്റ്റുകള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ തകര്‍ക്കാന്‍ തുടങ്ങിയെന്നും വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തെ ഫാസിസത്തിന്‍റെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഇതിനെതിരെ ഇന്ത്യയിലെ ജനങ്ങളാണ് പ്രതികരിക്കേണ്ടത്. ആ പ്രതികരണം ആരംഭിച്ചതായും വിഎസ് കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. പാര്‍ലമെണ്ടിനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനങ്ങളെ മൊത്തത്തിലും വീട്ടുതടവിലിട്ട്, സംഘപരിവാറിന്‍റെ വംശീയ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നു.

ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് ഫാസിസ്റ്റുകളാണ് എന്ന് ഞാന്‍ മുമ്പേ പറഞ്ഞതാണ്. ഇപ്പോഴിതാ, ഫാസിസം അതിന്‍റെ തനിസ്വരൂപം പ്രകടമാക്കിക്കഴിഞ്ഞിരിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയത്തിന് ന്യായമില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ, ഫാസിസ്റ്റുകള്‍ തകര്‍ക്കാനാരംഭിച്ചിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ ഫാസിസത്തിന്‍റെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ ഇന്ത്യയിലെ ജനങ്ങളാണിനി പ്രതികരിക്കേണ്ടത്. ആ പ്രതികരണം ആരംഭിച്ചുകഴിഞ്ഞതായി വാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കുന്നു

click me!