ബിജെപിയുടെ ഘടകകക്ഷിയെ പോലെ: യുഡിഎഫ് എംപിമാർക്കെതിരെ ആഞ്ഞടിച്ച് എംഎം മണി

By Web TeamFirst Published Aug 5, 2019, 4:48 PM IST
Highlights

യു.ഡി.എഫ് ഇപ്പോൾ ബി.ജെ.പി.യുടെ വാലിൽ തൂങ്ങി നടക്കുന്ന കാഴ്ചയാണെന്ന് മന്ത്രിയുടെ കുറ്റപ്പെടുത്തൽ

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ പാർലമെന്റിൽ ബിജെപിയുടെ ഘടകകക്ഷിയെ പോലെയാണ് പെരുമാറുന്നതെന്ന് മന്ത്രി എംഎം മണി. 'ബി.ജെ.പിക്ക് ബദൽ ഞങ്ങൾ' എന്ന് വീമ്പിളക്കി ജനങ്ങളെ കബളിപ്പിച്ച് ജയിച്ച യു.ഡി.എഫ് ഇപ്പോൾ ബി.ജെ.പി.യുടെ വാലിൽ തൂങ്ങി നടക്കുന്ന കാഴ്ചയാണെന്നും മന്ത്രി ആരോപിച്ചു.

യുഡിഎഫ് എംപിമാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും ജനങ്ങളെ കബളിപ്പിക്കുന്നതിൽ ഇവർക്ക് യാതൊരു മടിയുമില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. പാർലമെന്റിൽ വിവിധ ബില്ലുകൾ പാസാക്കിയതും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലുമുള്ള പ്രതിഷേധം കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് പറഞ്ഞതാണ് മന്ത്രി വിമർശിച്ചത്. കോൺഗ്രസ് നേതൃത്വം ഇടപെട്ട് പാർലമെന്റിൽ പാസാക്കിയതെല്ലാം റദ്ദാക്കിക്കളയുമെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും കൂട്ടരും കരുതിയോ എന്ന ചോദ്യവും എംഎം മണി ചോദിച്ചു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

പാർലമെൻറിൽ ബി.ജെ.പി.യുടെ ഘടക കക്ഷിയെപ്പോലെ ഒരുമിച്ചുനിന്ന് കരിനിയമങ്ങൾ പാസ്സാക്കാൻ കൈ ഉയർത്തിയ യു.ഡി.എഫ്. എം.പി.മാർ കേരളത്തിലെ ജനങ്ങളോട് പറയുന്നത് കേട്ടില്ലേ? അത് പാസ്സാക്കിയതിലുള്ള എതിർപ്പ് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് ! ഹൊ, വലിയ കാര്യം തന്നെ ! ഇവരെപ്പറ്റി എന്ത് പറയാനാ? കൂടെ നിന്ന് എല്ലാം പാസ്സാക്കിക്കൊടുത്തു. ഇനി നേതൃത്വത്തെ അറിയിച്ചുകളയും പോലും. കോൺഗ്രസ് നേതൃത്വം ഇടപെട്ട് പാസ്സാക്കിയതെല്ലാം ഇപ്പോൾ റദ്ദാക്കിക്കളയുമെന്ന് ചെന്നിത്തലയും, മുല്ലപ്പള്ളിയും കൂട്ടരും കരുതിയോ എന്തോ?

'ബി.ജെ.പിക്ക് ബദൽ ഞങ്ങൾ' എന്ന് വീമ്പിളക്കി ജനങ്ങളെ കബളിപ്പിച്ച് 19 പേരെ ജയിപ്പിച്ചെടുത്ത വീരഗാഥകൾ പാടിപ്പാടി നടക്കുന്ന യു.ഡി.എഫ്. ഇപ്പോൾ ബി.ജെ.പി.യുടെ വാലിൽ തൂങ്ങി നടക്കുന്ന കാഴ്ചയാണ്. ജനങ്ങളെ കബളിപ്പിക്കുന്നതിന് ഇവർക്ക് യാതൊരു നാണക്കേടുമില്ല. ഇവർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്.

click me!