
തിരുവനന്തപുരം: എകെജി സെന്ററിലെ പൊതുദർശനം അവസാനിപ്പിച്ച് വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ 5 വർഷമായി മകനും കുടുംബത്തോടുമൊപ്പം ബാർട്ടൺഹില്ലിലേ വീട്ടിലായിരുന്നു വി.എസ് താമസിച്ചിരുന്നത്. പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് ആംബുലൻസ് നീങ്ങിയത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി വിഎസിന്റെ വീട്ടിലെത്തി.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വി എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാൾ നടത്താനാണ് തീരുമാനം.
വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ നാളത്തെ എല്ലാ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്‍സിയുടെ അറിയിപ്പ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നാളത്തെ പൊതുഅവധി സംസ്ഥാനത്തെ ബാങ്കുകൾക്കും ബാധകമാണ്. നാളെ സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam