കേരളത്തിന്റെ സ്ത്രീപക്ഷ പോരാട്ടത്തിന് കരുത്തായ നേതാവ്; ജ്വലിക്കുന്ന ഓർമ്മയായി വി എസ്

Published : Jul 22, 2025, 07:22 AM IST
V S Achuthanandan

Synopsis

ഒട്ടുമിക്കപ്പോഴും സമത്വത്തിനു വേണ്ടി വാദിക്കുകയും ചൂഷണത്തിനെതിരെ വാളെടുക്കുകയും ചെയ്ത കാവൽ പോരാളിയായിയുന്നു വിഎസ് അച്യുതാനന്ദന്‍.  

തിരുവനന്തപുരം: കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ജനനായക പരിവേഷത്തിൽ പ്രതിഷ്ഠിക്കപ്പെട്ട വിഎസ് അച്യുതാനന്ദന്റെ സ്ത്രീപക്ഷ നിലപാടുകളും എന്നും ചർച്ചയായിരുന്നു. ഒട്ടുമിക്കപ്പോഴും സമത്വത്തിനു വേണ്ടി വാദിക്കുകയും ചൂഷണത്തിനെതിരെ വാളെടുക്കുകയും ചെയ്ത കാവൽ പോരാളിയായിയുന്നു വിഎസ്. അല്ലാത്തപ്പോഴൊക്കെ കേവല രാഷ്ട്രീയത്തിന്‍റെ ലാഭകണക്കിന് വേണ്ടി മാത്രമെന്ന ആരോപണത്തിനൊപ്പവും.

കത്തിക്കാളി നിന്ന കിളിരൂര്‍ കേസ് കാലത്ത് വിഎസിന്‍റെ ഉന്നം പാര്‍ട്ടിക്കകത്തെ പ്രതിയോഗികളായിരുന്നു. പക്ഷെ പറഞ്ഞു വന്നപ്പോഴേക്കും പൊതു സമൂഹത്തിന് മുന്നിൽ കഥ മാറി. പൊതുവെ കാര്‍ക്കശ്യക്കാരനും പുറമേക്ക് പരുക്കനുമായിരുന്ന വിഎസിനെ പൊടുന്നനെ കേരള സമൂഹത്തിന് മുന്നിൽ സംരക്ഷകന്‍റെ കുപ്പായത്തിനകത്താക്കിയതിൽ കിളിരൂര്‍ പീഡനക്കേസിന് അന്നും ഇന്നും വലിയ പങ്കുണ്ട്. 2001 -2005 ൽ പ്രതിപക്ഷ നേതാവായികുന്ന കാലത്ത് പരിസ്ഥിതി പ്രശ്നങ്ങൾക്കും അഴിമതിക്കെതിരായ പോരാട്ടത്തിനും ഒപ്പം എന്നും സ്ത്രീപക്ഷ വാദിയെന്ന പരിപ്രേക്ഷ്യം കൂടി പേരിനൊപ്പം എഴുതിച്ചേര്‍ത്തായിരുന്നു വിഎസിനെ പൊതു സമൂഹം ഏറ്റെടുത്തത്. പരമാവധിയിടത്ത് പലപ്പോഴും പാര്‍ട്ടി നിലപാടുകൾ വരെ തള്ളിയും വിഎസ് അത് കൊണ്ടു നടക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ വിഎസിന് കിളിരൂര്‍ കേസിൽ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും പാര്‍ട്ടിയെ വിടാതെ പിന്തുടര്‍ന്ന വിഐപി വിവാദത്തിൽ വിട്ടുവീഴ്ചക്ക് വിഎസ് തയ്യാറായില്ലെന്നത് ചരിത്രം.

ഏറെക്കുറെ സമാനമായിരുന്നു ഐസ്ക്രീം പാര്‍ലര്‍ കേസിലെ നിലപാടും. മാറി മാറി വന്ന മുന്നണി ഭരണത്തിനിടക്ക് അലിഞ്ഞില്ലാതായ ഐക്രീം പാര്‍ലര്‍ കേസ് വിടാതെ പിടിച്ച വിഎസ് കാലാകാലങ്ങളിൽ അവസരം ആവശ്യപ്പെടുമ്പൊഴെല്ലാം പികെ കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി. പലവിഷയങ്ങളിലെന്ന പോലെ സ്ത്രീപക്ഷ നിലപാടിലും വിഎസും പാര്‍ട്ടിയും തനിവഴിക്കായിരുന്നു. ടി പി ചന്ദ്രശേഖരൻ വെട്ടേറ്റ് വീണ ഒഞ്ചിയത്തെ മണ്ണിലേക്ക് ഒരച്ഛന്റെ വാത്സല്യവുമായി ഉറച്ച കാൽവെപ്പോടെ നടന്ന് നീങ്ങിയ വിഎസിന് മുന്നിൽ അന്ന് നെയ്യാറ്റിൻകരയിലെ നിര്‍ണ്ണായക തെര‍ഞ്ഞെടുപ്പിന് പോളിംഗ് ബൂത്തിൽ നിൽക്കുന്ന പാര്‍ട്ടി വിളറി നിന്നു.

കഴിവുകെട്ട ഭരണം നിലനിൽക്കുന്നിടത്തോളം നാട്ടിലെ അമ്മമാര്‍ക്കും പെൺമക്കൾക്കും രക്ഷയുണ്ടാകില്ലെന്ന് തുറന്നടിച്ച വിഎസ് പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എടുത്തിട്ടു. ഒമ്പതും പതിമൂന്നും വയസ്സുണ്ടായിരുന്ന പെൺകുട്ടികൾ കേരള മനസാക്ഷിയുടെ ഉത്തരത്തിന് മുന്നിൽ തൂങ്ങിയാടിയ വാളയാറിൽ പൊലീസിന് വീഴ്ചയുണ്ടെന്ന് വിളിച്ച് പറയാൻ പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ചുയര്‍ന്ന ആക്ഷേപങ്ങൾ പോലും വിഎസിന് മുന്നിൽ തടസമായില്ല.

പാര്‍ട്ടി പ്രതിസ്ഥാനത്ത് നിൽക്കുമ്പോഴാണ് പ്രാദേശിക നേതാക്കളെയെല്ലാം ഒഴിവാക്കി ചിന്നക്കലാലിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരപ്പന്തലിലേക്ക് വിഎസ് എത്തിയത്. ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗിക പീഡനപരാതിയിൽ എന്ത് ചെയ്യണമെന്ന് കേരളം ഒരു നിമിഷം ചിന്തിച്ചപ്പോൾ പരാതിയിൽ അന്വേഷണമാവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നതും വിഎസ് അച്യുതാനന്ദനായിരുന്നു. വക്കുപൊട്ടിയ വാക്കുകൾ വിഎസിനെ പ്രതിക്കൂട്ടിൽ നിര്‍ത്തിയ സന്ദര്‍ഭങ്ങളും ഒട്ടും കുറവായിരുന്നില്ല. പിറവം ഉപതെരഞ്ഞെടുപ്പ് കാലത്ത് സിന്ധു ജോയിയെ കുറിച്ച് വിഎസ് നടത്തിയ പ്രസംഗവും 2011ലെ തെരഞ്ഞെടുപ്പ് കാലത്ത് എതിരാളിയായിരുന്ന ലതികാ സുഭാഷിനെതിരെ നടത്തിയ പരാമര്‍ശങ്ങളും ഉണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല.

വിഎസിന്‍റെ സ്തീപക്ഷ സമീപനം ജനകീയതയുടെ അളവുകോലായി വളര്‍ന്ന ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും പാര്‍ട്ടി പക്ഷെ പ്രതിരോധത്തിലായിരുന്നു. സ്ത്രീ വിരുദ്ധതയും സവര്‍ണമേധാവിത്വവും പറയുന്നവര്‍ക്കുള്ള ഇടത്താവളം അല്ലെന്ന് മുന്നണി വിപുലീകരണ നീക്കത്തിൽ ബാലകൃഷ്ണപ്പിള്ളക്കെതിരെ ആഞ്ഞടിച്ച വിഎസ്, പികെ ശശിക്കെതിരായ ലൈംഗികാരോപണത്തോട് പ്രതികരിച്ചത് സ്ത്രീ പക്ഷ നിലപാടുകൾ എന്നും സിപിഎം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്ന് കേന്ദ്ര നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'