
കണ്ണേ കരളേ വിഎസ്സേ...ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ...ഇല്ലാ.. ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ... വി എസ് ഇനി ചരിത്രം. മുദ്രാവാക്യം വിളികളുടേയും തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി. രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വി എസിന് ഇനി അന്ത്യവിശ്രമം.
തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി. പാർട്ടി പതാക പുതച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ വിഎസിന് കേരളം വിട നൽകി.
തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളുടെ കണ്ണീർപ്പൂക്കളും മുദ്രാവാക്യങ്ങളും ഏറ്റുവാങ്ങിയാണ് വിഎസ് അവസാനമായി വിപ്ലവ മണ്ണായ ആലപ്പുഴയുടെ വിപ്ലവ മണ്ണിലേക്കെത്തിയത്. 'വിഎസ് അമരനാണ്', 'കണ്ണേ കരളേ വി എസേ' മുദ്രാവാക്യങ്ങൾ വഴിനീളെ അന്തരീക്ഷത്തിലുടനീളം മുഴങ്ങി. പ്രായഭേദമന്യേയുള്ള ജനക്കൂട്ടം തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും മണിക്കൂറുകളോളം കാത്തുനിന്നു. മഴയിലും ഒരേയൊരു നോക്ക് കാണാൻ കാത്തു നിന്ന ഓരോ മനുഷ്യന്റെയും കണ്ണീര് സാക്ഷിയാക്കി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വി എസിന്റെ സംസ്കാരം.
ഒരു കാലഘട്ടമാണ് വിഎസ്. സമരമാണ് ആ ജീവിതം. രാഷ്ട്രീയ ചരിത്രത്തിലെ ആ അധ്യായം എന്നും നിലനിൽക്കും. പ്രവർത്തകർ ഏറ്റ് പറയും പോലെ.. കണ്ണേ കരളേ വി എസ്സേ…ജീവിക്കും നിങ്ങൾ ഞങ്ങളിലൂടെ…
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam