
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മകൻ വി എ അരുൺ കുമാർ രംഗത്ത്. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തൂരുമാനമെടുത്തിട്ടില്ലെന്നും സി പി എം നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് അരുൺ കുമാർ വ്യക്തമാക്കി. അച്ഛന് പത്മവിഭൂഷൺ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് എല്ലാവരും. ഈ വലിയ അംഗീകാരത്തിൽ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്‍റെ ആഗ്രഹമെന്നും അരുൺകുമാർ പറഞ്ഞു. വി എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. എന്നാൽ പുരസ്കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വിവരിച്ചു.
അതേസമയം വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സി പി എം സ്വീകരിച്ചിട്ടുള്ളത്. മുൻകാലത്ത് പത്മ പുരസ്കാരങ്ങൾ നേതാക്കൾ നിഷേധിച്ചത് അവരുടെ നിലപാടെന്നാണ് സി പി എം വിശദീകരണം. വി എസിന് പത്മവിഭൂഷൺ ലഭിച്ചത്തിൽ പാര്‍ട്ടിക്കും കുടുംബത്തിനും സന്തോഷമെന്നും പാർട്ടി പ്രതികരിട്ടു. പാര്‍ട്ടിയുടെ നിലപാടിൽ ആകാംക്ഷയുണ്ടായിരുന്നു. സി പി എം നേതാക്കള്‍ പുരസ്കാരങ്ങള്‍ നിരസിക്കുന്ന പതിവുണ്ടായിരുന്നതിനാലാണ് ആശങ്ക നിലനിന്നത്. കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നിൽക്കുമെന്ന നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ വൈകാതെ, പാർട്ടിയുമായി കൂടിയാലോചിച്ച് അരുൺ കുമാർ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്.
പുരസ്കാരങ്ങൾക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനമെന്നും ഭരണകൂടം നൽകുന്ന ബഹുമതികൾ കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ല എന്നുമുള്ള രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി പി എം നേതാക്കൾ മുൻപ് പുരസ്കാരങ്ങള്‍ നിരസിച്ചത്. രാജ്യത്തെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ എം എസിന് പത്മവിഭൂഷൺ നൽകിയത് നരസിംഹറാവു സർക്കാരിന്റെ കാലത്താണ്. എന്നാൽ പാർട്ടിയും ഇ എം എസും പുരസ്‌കാരം നിരസിച്ചു. 1996 ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിന് ഭാരതരത്നം നൽകാൻ ആലോചന ഉണ്ടായി. പുരസ്‌കാരം പ്രഖ്യാപിച്ചാൽ സ്വീകരിക്കുമോ എന്ന് മുൻകൂട്ടി ചോദിച്ചു. എന്നാൽ പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന നിലപാടാണ് ബസുവും സി പി എമ്മും സ്വീകരിച്ചത്. അതിനാൽ പ്രഖ്യാപനം ഉണ്ടായില്ല. ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് തന്നെ സി പി എം നേതാവ് ഹർകിഷൻ സിങ് സുർജിത്തിന് പത്മവിഭൂഷൺ നൽകാൻ ആലോചന ഉണ്ടായെങ്കിലും അദ്ദേഹവും സ്വീകരിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു. 2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൺ നൽകിയെങ്കിലും അദ്ദേഹവും പുരസ്‌കാരം നിരസിക്കുകയാണുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam