വി എസിന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും; ജാഥയിലും പങ്കെടുക്കും

Published : Feb 16, 2026, 07:44 AM ISTUpdated : Feb 16, 2026, 12:37 PM IST
a suresh

Synopsis

എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും. സുരേഷ് യുഡിഎഫ് ജാഥയിൽ പങ്കെടുക്കും.

പാലക്കാട്: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പെഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ് മലമ്പുഴ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പുതുയുഗ യാത്ര നാളെ പാലക്കാട് നഗരത്തിലെക്കുമ്പോൾ എ സുരേഷ് പങ്കെടുക്കും. ജാഥയിൽ പങ്കെടുക്കാൻ കെപിസിസി നേതൃത്വം ക്ഷണിച്ചതായി എ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരേഷ് മത്സരിക്കുന്നത് സിപിഎമ്മിനെ ബാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു

2002 മുതൽ വി എസ് അച്ചുതാനന്ദൻ്റെ പേഴ്സണൽ അസിസ്റ്ററും സന്തത സഹചാരിയുമായിരുന്നു എ സുരേഷ്. പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന പേരിൽ 12 വർഷം മുമ്പാണ് സുരേഷിനെതിരെ സിപിഎം നടപടി എടുത്തത്. അതിനുശേഷം പാർട്ടിയിൽ നിന്ന് വിട്ടു നിൽക്കുന്ന സുരേഷിനെ മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കും. വിഎസിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലമ്പുഴക്കാർ സുരേഷിനെയും പിന്തുണയ്ക്കുമെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. സ്ഥാനാർത്ഥിയാകുന്നതിന് മുന്നോടിയായി എ സുരേഷ് നാളെ വിഡി സതീശനൊപ്പം പാലക്കാട് ജാഥയിൽ പങ്കെടുക്കും

നിലവിൽ സിപിഎമ്മിന് പുറത്തെങ്കിലും അടിയുറച്ച ഇടത് അനുഭാവിയാണ് സുരേഷ്. പലവട്ടം പാർട്ടിയിലേക്ക് തിരിച്ചെത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് മനസ് മടുത്താണ് യുഡിഎഫിനൊപ്പം ചേരാനുള്ള തീരുമാനം. എന്നാൽ, കോൺഗ്രസിൻ്റെ ഭാഗമാകാൻ സുരേഷ് തയാറല്ല. എ സുരേഷിനെ പുറത്താക്കിയതാണെന്നും മലമ്പുഴയിൽ സുരേഷിന് സിപിഎമ്മിൻ്റെ ഒരു വോട്ട് കിട്ടില്ലെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. മലമ്പുഴ മണ്ഡലത്തിൽ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. വിഎസ് അച്യുതാനന്ദൻ മത്സരിച്ചപ്പോൾ പോലും രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയായിരുന്നു. സുരേഷിനെ മത്സരത്തിനിറക്കി മണ്ഡലത്തിൽ ഏതു വിധേനയും നില മെച്ചപ്പെടുത്താനാണ് യുഡിഎഫിൻ്റെ ശ്രമം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഴക്കൂട്ടത്ത് പോര് ശക്തം; കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് വി മുരളീധരൻ, വിജയ പ്രതീക്ഷയെന്ന് ശരത്ചന്ദ്ര പ്രസാദ്
രഞ്ജിത്തിന് ഇന്ന് നിർണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും