VC Appointment Row : മന്ത്രി ബിന്ദു ചാൻസലർക്ക് കത്തയച്ചതിന് എതിരെ വി എസ് സുനിൽ കുമാർ

Published : Jan 05, 2022, 10:36 AM ISTUpdated : Jan 05, 2022, 11:05 AM IST
VC Appointment Row : മന്ത്രി ബിന്ദു ചാൻസലർക്ക് കത്തയച്ചതിന് എതിരെ വി എസ് സുനിൽ കുമാർ

Synopsis

ചീഫ് വിപ്പിന്‍റെ പേഴ്സണൽ സ്റ്റാഫിനെ കൂട്ടിയത് അംഗീകരിക്കാനാകില്ലെന്നും മുൻ മന്ത്രി കൂടിയായ വി എസ് സുനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്‍റെ പേഴ്സണൽ സ്റ്റാഫിൽ 18 പേരെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത് വലിയ വിവാദമായിരുന്നു. 

തൃശ്ശൂർ/ തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ചാൻസലർ കൂടിയായ ഗവർണർക്ക് കത്തയച്ചതിന് എതിരെ മുൻ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽ കുമാർ. മന്ത്രി ആർ ബിന്ദുവിന്‍റെ നടപടി സാങ്കേതികമായി ശരിയല്ല. ചീഫ് വിപ്പിന്‍റെ പേഴ്സണൽ സ്റ്റാഫിനെ കൂട്ടിയത് അംഗീകരിക്കാനാകില്ലെന്നും സുനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

''മന്ത്രി ബിന്ദു ചാൻസിലർക്ക് കത്ത് എഴുതിക്കൂടാ എന്നൊന്നുമില്ല. പക്ഷേ, അതിന്‍റെ സാങ്കേതികത്വത്തെക്കുറിച്ച് നമുക്ക് തർക്കിക്കാം. ഗവർണർ ഉണ്ടാക്കിവയ്ക്കുന്ന വിഷയങ്ങൾ വച്ച് നോക്കുമ്പോൾ ടീച്ചറെഴുതിയ കത്ത് വലിയ വിവാദമാക്കേണ്ട കാര്യമില്ല. പക്ഷേ, ഇങ്ങനെ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതാമോ എന്ന കാര്യത്തിലെ ആശയക്കുഴപ്പമാണ് സിപിഐ ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. എല്ലാറ്റിനും നടപടിക്രമങ്ങളുണ്ട്. ഭരണഘടനാസ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം തികച്ചും നിയമപരവും എല്ലാ തരത്തിലും അതിന്‍റെ കീഴ്‍വഴക്കങ്ങൾ പാലിച്ചുകൊണ്ട് മാത്രം ചെയ്യേണ്ട കാര്യമാണ്'', വി എസ് സുനിൽ കുമാർ പറയുന്നു.

ചീഫ് വിപ്പിന്‍റെ പേഴ്സണൽ സ്റ്റാഫിനെ കൂട്ടിയതിനെതിരെയും രൂക്ഷവിമർശനവുമായി വി എസ് സുനിൽകുമാർ രംഗത്തെത്തി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്‍റെ പേഴ്സണൽ സ്റ്റാഫിൽ 18 പേരെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത് വലിയ വിവാദമായിരുന്നു. 

''അത്രയ്ക്ക് ആളുകൾ എന്തായാലും ആവശ്യമില്ലെന്ന നിലപാടിൽത്തന്നെയാണ് സിപിഐ. മന്ത്രിമാർക്ക് തുല്യമായ രീതിയിൽത്തന്നെ ചീഫ് വിപ്പിന് പേഴ്സണൽ സ്റ്റാഫ് വേണമെന്ന് പറയുന്നത് തീർത്തും അനാവശ്യമായ കാര്യമാണ്. അതാത് പാർട്ടികളും സർക്കാരുമൊക്കെ തീരുമാനിച്ച കാര്യമാണല്ലോ. എന്നോട് ചോദിച്ചാൽ ഞാൻ അഭിപ്രായം പറയുന്നുവെന്ന് മാത്രം. അത് തിരുത്തണമെന്നൊന്നും ഞാൻ പറയുന്നില്ല. കഴിഞ്ഞ തവണ രാജനെ ചീഫ് വിപ്പാക്കുമ്പോൾ സിപിഐയ്ക്കും വേണമെങ്കിൽ ഇത്രയധികം പേരെ പേഴ്സണൽ സ്റ്റാഫിൽ വയ്ക്കാവുന്നതായിരുന്നു. അത്തരം നിലപാട് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടിയല്ല സിപിഐ. അത്തരം നിലപാടെടുക്കുന്ന പാർട്ടിയാണ് ഇത് ആലോചിക്കേണ്ടത്'', സുനിൽ കുമാർ പറയുന്നു. 

ഇരുപത്തിമൂവായിരം മുതൽ ഒരു ലക്ഷം വരെയാണ് പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിന്‍റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 25 ആയി. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ചീഫ് വിപ്പായിരുന്ന പി സി ജോർജിന് മുപ്പത് പേഴ്സണൽ സ്റ്റാഫുമാരെ അനുവദിച്ചതിനെ രൂക്ഷമായി എൽഡിഎഫ് വിമർശിച്ചിരുന്നതാണ്. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് വീണ്ടും പേഴ്സണൽ സ്റ്റാഫ് നിയമനം. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്‍റെ പേഴ്സണൽ സ്റ്റാഫിൽ ഏഴു പേരെ സർക്കാർ അനുവദിച്ചിരുന്നു. ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻറും അടക്കമാണ് അനുവദിച്ചത്. ഇത് കൂടാതെയാണ് 18 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവ്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടിയിലുള്ളത്. ഇതിൽ നാല് പേർ സർക്കാർ സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിവരാണ്. നിയമസഭയിലാണ് ചീപ് വിപ്പിന്‍റെ ഓഫീസ്. സഭ സമ്മേളിക്കുന്ന സമയത്ത് നിർണായക വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നൽകുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി. 99 അംഗങ്ങളുള്ള ഭരണപക്ഷത്തിന് നിയമസഭയില്‍ ബില്ലുകളുടെ വോട്ടെടുപ്പിൽ നിർണായക ഭൂരിപക്ഷമുള്ളതിനാൽ വിപ്പിന്‍റെ ആവശ്യവുമില്ല. ദൈനംദിനമുള്ള പ്രത്യേക ചുമതലകളൊന്നും ചീഫ് വിപ്പിനില്ലെന്നിരിക്കെയാണ് ഇത്രയും സ്റ്റാഫുകളെ ഉള്‍പ്പെടുത്തുന്നത്. 

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ചീഫ് വിപ്പായിരുന്ന കെ രാജന് 11 സ്റ്റാഫ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഔദ്യോഗിക വസതിയും ഗണ്‍മാനും ഒന്നും ഉണ്ടായിരുന്നില്ല. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ചീഫ് വിപ്പായിരുന്ന പി സി ജോർജാണ് പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ധൂർത്ത് നടത്തിയത്. 30 പേരെയാണ് അന്ന് ഉൾപ്പെടുത്തിയത്. അന്നത്തെ പ്രതിപക്ഷം ഏറെ വിവാദമുണ്ടാക്കിയപ്പോൾ അത് 20 ആക്കി കുറച്ചു. ജോർജിന് ഔദ്യോഗിക വസതിയുമുണ്ടായിരുന്നു. അന്ന് പേഴ്സണൽ സ്റ്റാഫ് നിയമത്തിൽ ധൂർത്ത് ആരോപിച്ച എൽഡിഎഫാണ് ഇന്ന് ചീഫ് വിപ്പിന്‍റെ പേഴ്സണൽ സ്റ്റാഫ് നിയമത്തിൽ ഉദാരസമീപനമെടുക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Malayalam News live: ശബരിമല സ്വർണക്കൊള്ള - ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്