
രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ആശംസയുമായി വി എസ് അച്യുതാനന്ദന്‍. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ടെന്ന് ആശംസ അറിയിച്ചുകൊണ്ട് വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു. സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നുവെന്നും വിഎസ്.
വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതും സ്മരണ പുതുക്കുന്നതുമാണ് ഓരോ സ്വാതന്ത്ര്യ ദിനവും. സാമൂഹിക അകലത്തിന്റേയും മുഖാവരണങ്ങളുടെയും പശ്ചാത്തലത്തില്‍ പരിമിതപ്പെടുത്തപ്പെട്ടുവെങ്കിലും ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ട്.
പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത്, രാജ്യത്തെ ശിഥിലമാക്കാനും പരിസ്ഥിതിയെ ചൂഷണം ചെയ്യാനും പൗരന്റെ സ്വകാര്യതയില്‍ കടന്നുകയറാനും മതത്തെ ദുഷ്പ്രവൃത്തികള്‍ക്ക് മറയാക്കാനും ശ്രമിക്കുന്ന ഏതൊരു വ്യക്തിയും വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തേണ്ട സന്ദര്‍ഭംകൂടിയാണ് ഇത്.
സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam