ഉപതെരഞ്ഞെടുപ്പിനായി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?: വിടി ബലറാം

Published : Apr 12, 2022, 09:07 PM IST
ഉപതെരഞ്ഞെടുപ്പിനായി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?: വിടി ബലറാം

Synopsis

"ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാർട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?"

കോഴിക്കോട്: ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസിന്‍റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് വിടി ബലറാം. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് ജോർജ് എം തോമസ് ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.

ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിടി ബലറാമിന്‍റെ പ്രതികരണം. ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാർട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?, എന്നാണ് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നത്.സംഘ് പരിവാർ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ മുൻ സിപിഎം എംഎൽഎ ജോർജ് എം തോമസ് എന്നാണ് വിടി ബലറാം പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കേരളത്തിൽ "ലൗ ജിഹാദ്" എന്ന സംഘ് പരിവാർ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ മുൻ സിപിഎം എംഎൽഎ ജോർജ് എം തോമസ്. രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്ന സംഘ് പരിവാർ വാട്ട്സ്ആപ്പ് പ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ ഇപ്പോഴത്തെ സിപിഎം എംഎൽഎ ലിന്റോ ജോസഫ്. ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാർട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?

ജോർജ് എം തോമസ് പറഞ്ഞത്

സാധാരണ പ്രണയ വിവാഹം മാത്രമാണിത്. എന്നാൽ കന്യാസ്ത്രീകൾ അടക്കം പങ്കെടുത്ത് മുന്നൂറിലേറെ പേർ പങ്കെടുത്ത പ്രതിഷേധം കോടഞ്ചേരി അങ്ങാടിയിൽ നടന്നു. ഡിവൈഎഫ്ഐക്കാരൻ നേതാവ് ധൈര്യമുണ്ടെങ്കിൽ പുറത്തുവാടാ എന്നൊക്കെയുള്ള മുദ്രാവാക്യമാണ് വിളിച്ചത്.

വിവാഹത്തിന് സിപിഐഎം മുൻകൈയെടുത്തു, പാർട്ടി അറിഞ്ഞാണ് വിവാഹം എന്നൊക്കെയാണ് പ്രചാരണം. ഷെജിൻ പാർട്ടി ലോക്കൽ കമ്മിറ്റിയംഗമായതിനാൽ ഇത് പാർട്ടിയെ ആളുകൾ സംശയത്തോടെയാണ് നോക്കുക. ക്രിസ്ത്യൻ വിഭാഗം നല്ല നിലയിൽ പാർട്ടിയെയും സർക്കാരിനെയും അംഗീകരിക്കുന്നു. ബിഷപ്പടക്കമുള്ളവർ നിലപാടെടുത്ത് മുന്നോട്ട് വരുന്നു. ഈ ഘട്ടത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഞങ്ങൾക്കെതിരാക്കേണ്ടത് യുഡിഎഫിന്റെയും വിശേഷിച്ച് കോൺഗ്രസിന്റെയും ആവശ്യമാണ്. ഇവരാണ് അജണ്ടയ്ക്ക് പിന്നിലുള്ളത്.

ജനത്തെ ബോധവത്കരിക്കേണ്ടത് സിപിഎമ്മിന്റെ അടിയന്തിര കടമയായതിനാലാണ് വിശദീകരണ യോഗം വെക്കാൻ തീരുമാനിച്ചത്. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചാരണം. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. ഇതിനോട് രണ്ടിനോടുമുള്ള സിപിഎം നിലപാട് എന്താണ്, ഈ വിവാദത്തിന്റെ ആവശ്യം എന്താണ് എന്ന് വിശദീകരിക്കാനുള്ള യോഗമാണ് വിളിച്ചു ചേർത്തത്.

രണ്ട് സമുദായങ്ങളിൽ തമ്മിൽ കലാപമോ ശത്രുതയോ ഉണ്ടാക്കാൻ വഴിവെക്കാവുന്ന നടപടിയാണ് ഷെജിന്റേത്. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കിൽ പാർട്ടിയോട് ആലോചിച്ച് പാർട്ടി നേതാക്കളുമായി സംസാരിച്ച് വേണമായിരുന്നു മുന്നോട്ട് പോകാൻ. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. പാർട്ടിക്ക് വലിയ ഡാമേജ് ഉണ്ടായി. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ആലോചിച്ചിട്ടില്ല. പക്ഷെ നടപടി വേണ്ടിവരും.

മതസൗഹാർദ്ദം തകരാൻ സിപിഎം ആഗ്രഹിക്കുന്നില്ല. ആത്മാർത്ഥമായ  പ്രണയമാണോയെന്ന് മനസിലാക്കേണ്ടതുണ്ട്. ആ കുട്ടി 15 ദിവസം മുൻപ് വരെ ഗൾഫിൽ ജോലിയായിരുന്നു. ഇത്ര പെട്ടെന്നൊരു ഡീപ്പായ പ്രണയം രൂപപ്പെടുമോയെന്ന് എനക്കറിഞ്ഞുകൂട. ഞങ്ങളുടെ ഡോക്യുമെന്റ്സിൽ പറഞ്ഞത് Educated women in the proffessional colleges and Institutions are being attacked by these things. Love jihad or whatsoever. (പ്രൊഫഷണൽ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികൾ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്നു.).

അങ്ങിനെയൊന്നുണ്ടെന്ന് പാർട്ടി ജേണലുകളിലും റെസൊല്യൂഷനുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് നടക്കുന്നുണ്ട്, അപൂർവമായിട്ട്. ഡിസ്പ്രൊപോർഷനായിട്ട് വിശദീകരിക്കേണ്ടതില്ല. പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികളെ എന്താ പറയാ, ലൗ ജിഹാദ് എന്നോ മറ്റോ പേര് പറഞ്ഞ് മത രഹിത വിവാഹത്തിലേക്കും ഇതര മത വിവാഹങ്ങളിലേക്കും പ്രേരിപ്പിക്കുന്നുണ്ട്.

ലൗ ജിഹാദ് എന്ന പേര് ആർഎസ്എസ് ഉണ്ടാക്കിയതാണ്. അതിൽ തർക്കമില്ല. എന്നാൽ അത് കണ്ണടച്ച് എതിർക്കുക അല്ലെങ്കിൽ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാൻ കഴിയാത്ത അനുഭവങ്ങൾ കേരളത്തിൽ അറ്റയും തെറ്റയുമായിട്ടുണ്ട്. തിരുവമ്പാടി ഭാഗത്ത് ഇല്ല. സിപിഎം രേഖകളിൽ പറയുന്നത് പ്രൊഫഷണൽ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികളെ ഇതിന് വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐസിസോ അതിനെല്ലാം ട്രെയിനിങ് കൊടുക്കുന്ന അനുഭവങ്ങളെല്ലാം നമ്മുടെ കേരളത്തിലെല്ലാം പത്രത്തിൽ വന്നതാണല്ലോ. അങ്ങിനെയൊരു വസ്തുതയുണ്ട്, അതിനെ കരുതണം. അങ്ങിനെയുള്ള പ്രശ്നങ്ങളിൽ ആളുകൾ കുടുങ്ങാതിരിക്കാൻ ശ്രദ്ധ വേണം, ജാഗ്രത പുലർത്തണമെന്ന് സിപിഎം ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്. 

സിപിഎം ഇക്കാര്യം പരസ്യമായി പറഞ്ഞോ ഇല്ലേയെന്നത് എനിക്കറിയില്ല. പക്ഷെ ഇങ്ങിനെയൊരു വസ്തുതയുണ്ട്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ പോലുള്ള സംഘനകളും ക്യാംപസ് ഫ്രണ്ട് പോലുള്ള സംഘനകളുമെല്ലാം ഇതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇത് പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് നാളെ വിശദീകരിക്കണോയെന്ന് തീരുമാനിച്ചിട്ടില്ല. കോടഞ്ചേരിയിലെ വിഷയത്തിൽ ഊന്നിയാണ് നാളത്തെ പരിപാടിയെന്നും മുൻ എംഎൽഎ കൂടിയായ ജോർജ് എം തോമസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്