'ബീഡിയും ബീഹാറും' വിവാദ പോസ്റ്റ്; കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയിൽ നിന്ന് വി ടി ബൽറാമിനെ മാറ്റും

Published : Sep 06, 2025, 07:10 PM IST
V T balram

Synopsis

ഡോ. പി സരിൻ പാർട്ടി വിട്ടുപോയതിന് പിന്നാലെ കെപിസിസി ഉപാധ്യക്ഷനായ വിടി ബൽറാമാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല വഹിച്ചു പോന്നത്

തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലപ്പത്ത് നിന്ന് വി ടി ബൽറാമിനെ മാറ്റും. 'ബീഡിയും ബീഹാറും' എന്ന വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഡിജിറ്റൽ മീഡിയ അഴിച്ചു പണിയാൻ കെപിസിസി തീരുമാനം. അതേസമയം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്കെതിരെ ഡിജിറ്റൽ മീഡിയ പ്രവർത്തിച്ചു എന്ന വിമർശനവും മാറ്റത്തിന് കാരണമാണ്.

ഡോ. പി സരിൻ പാർട്ടി വിട്ടുപോയതിന് പിന്നാലെ കെപിസിസി ഉപാധ്യക്ഷനായ വിടി ബൽറാമാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല വഹിച്ചു പോന്നത്. ഔദ്യോഗിക അംഗങ്ങളിൽ പലരും നിഷ്ക്രിയരായതോടെ കേവലം അഞ്ചു പേരാണ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവന്നത്. ഇതിനിടെയാണ് ബീഡിയുടെ ജിഎസ്ടി കുറച്ചപ്പോൾ ബീഹാർ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്തുള്ള വിവാദ പോസ്റ്റ് കോൺഗ്രസ് കേരളയുടെ പേരിൽ ഇറങ്ങിയത്. ബിഹാറിനെ ആക്ഷേപിച്ചു എന്ന വിമർശനം ദേശീയ തലത്തിൽ ബിജെപി ഉയർത്തിയതോടെ കെപിസിസി തന്നെ പ്രതിരോധത്തിലായി. ബൽറാമിനോട് വിശദീകരണം ചോദിച്ചപ്പോൾ തന്റെ അറിവോടെയല്ല പോസ്റ്റ് എന്നായിരുന്നു മറുപടി. ചുമതല ഒഴിയാൻ തയ്യാറാണെന്നും അറിയിച്ചു. ജാഗ്രതക്കുറവ് ഉണ്ടായെന്ന വിമർശനത്തോടെയാണ് ഡിഎംസി പുനഃസംഘടിപ്പിക്കുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം.

തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട്, ഡിജിറ്റൽ മീഡിയ പ്രവർത്തകർ പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞു എന്ന വിമർശനം പാർട്ടിക്കുള്ളിലുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതൽ ഇങ്ങോട്ട് ഡിഎംസിയുടെ പ്രവർത്തനങ്ങൾ കെപിസിസിയെ നിയന്ത്രിക്കും വിധമാണെന്ന് ഭാരവാഹികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ് അനിവാര്യമായ അഴിച്ചുപണിക്ക് അവസരം കൈവന്നത്. ഡിജിറ്റൽ മീഡിയ സെല്ലിൽ വി ടി ബൽറാമിന്റേത് ആലങ്കാരിക ചെയർമാൻ പദം മാത്രമായിരുന്നു എന്നതാണ് വാസ്തവം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കെപിസിസിയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഡിഎംസി വേണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മേയർ വിവി രാജേഷിന് ആശംസ; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്, 'പ്രചരിക്കുന്ന വാർത്ത തെറ്റ്'
അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തും; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്