പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി, കാറുമായി എത്തിയത് ശ്രീറാം വിളിച്ചിട്ടെന്ന് യുവതിയുടെ മൊഴി

By Web TeamFirst Published Aug 3, 2019, 12:23 PM IST
Highlights

രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്‍റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെയും വഫയുടെ പേരിലുള്ള കെ എല്‍ -1-ബിഎം 360 എന്ന കാറിന് മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്. 

Read More: 'മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ്': മന്ത്രി മണി

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാര്‍ ഇടിക്കുകയായിരുന്നു. 

മ്യൂസിയം പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ ദൂരത്തിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലന്‍സ് വിളിച്ചു വരുത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു.

എന്നാല്‍ ഇതിനുശേഷം ശ്രീറാം പൊലീസിനോട് പറഞ്ഞത് തന്‍റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്‍റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതോടെ അദ്ദേഹത്തെ പൊലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഒപി ടിക്കറ്റില്‍ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴി വിശ്വസിച്ച പൊലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ എത്തി അവിടെ അഡ്മിറ്റായി. 

തിരിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ പേരും വിവരങ്ങളും എഴുതിവാങ്ങിയ ശേഷം അവരെ ഒരു ഓണ്‍ലൈന്‍ ടാക്സിയിലേക്ക് വീട്ടിലേക്ക് അയച്ച് കാര്യങ്ങള്‍ ഒരുവിധം ഒത്തുതീര്‍പ്പാക്കി. ഇതിനൊക്കെ ശേഷമാണ് വാഹനാപകടത്തില്‍ മരിച്ചത് മാധ്യമപ്രവര്‍ത്തകനായ ബഷീറാണെന്ന വിവരം പുറത്തു വരുന്നത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അപകടത്തിലും തുടര്‍ന്നുള്ള സംഭവങ്ങളിലും ഇടപെട്ട സാക്ഷികളുടെ മൊഴികള്‍ ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരികയും ചെയ്തതോടെ പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്.

click me!