Asianet News MalayalamAsianet News Malayalam

'മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ്': മന്ത്രി മണി

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായാണ് കാഴ്ചക്കാരുടെ മൊഴി

Minister MM Mani facebook post drunk and drive punishable act
Author
Thiruvananthapuram, First Published Aug 3, 2019, 12:40 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ പ്രതിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. സംഭവത്തിൽ മദ്യപിച്ച്, അതിവേഗത്തിൽ വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സാക്ഷിമൊഴി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണെന്ന് മന്ത്രി എംഎം മണി ഫെയ്സ്ബുക്കിൽ കുറിച്ചു.

മദ്യപിച്ച് വാഹനമോടിക്കരുതെന്ന അർത്ഥത്തിലുള്ള ചിത്രം അടക്കമാണ് മന്ത്രി എംഎം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാര്‍ ഇടിക്കുകയായിരുന്നു. 

മ്യൂസിയം പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ ദൂരത്തിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലന്‍സ് വിളിച്ചു വരുത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു.

എന്നാല്‍ ഇതിനുശേഷം ശ്രീറാം പൊലീസിനോട് പറഞ്ഞത് തന്‍റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്‍റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതോടെ അദ്ദേഹത്തെ പൊലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഒപി ടിക്കറ്റില്‍ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴി വിശ്വസിച്ച പൊലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ എത്തി അവിടെ അഡ്മിറ്റായി. 

തിരിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ പേരും വിവരങ്ങളും എഴുതിവാങ്ങിയ ശേഷം അവരെ ഒരു ഓണ്‍ലൈന്‍ ടാക്സിയിൽ വീട്ടിലേക്ക് അയച്ച് കാര്യങ്ങള്‍ ഒരുവിധം ഒത്തുതീര്‍പ്പാക്കി. ഇതിനൊക്കെ ശേഷമാണ് വാഹനാപകടത്തില്‍ മരിച്ചത് മാധ്യമപ്രവര്‍ത്തകനായ ബഷീറാണെന്ന വിവരം പുറത്തു വരുന്നത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അപകടത്തിലും തുടര്‍ന്നുള്ള സംഭവങ്ങളിലും ഇടപെട്ട സാക്ഷികളുടെ മൊഴികള്‍ ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരികയും ചെയ്തതോടെ പൊലീസ് പ്രതിരോധത്തിലാവുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios