വാഗമണിലെ നിശാപാര്‍ട്ടി: സംഘം പത്തിലധികം സ്ഥലങ്ങളിൽ പാര്‍ട്ടി നടത്തിയതായി അന്വേഷണസംഘം

By Web TeamFirst Published Dec 23, 2020, 10:59 AM IST
Highlights

സൽമാനും നബീലും ചേര്‍ന്നാണ് വിവിധ ഇടങ്ങളിൽ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്

ഇടുക്കി: വാഗമണിലെ നിശാപാര്‍ട്ടിക്ക് നേതൃത്വം കൊടുത്തവര്‍ ഇതേരീതിയിൽ കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളിൽ സംഘം പാർട്ടി നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. സംഘത്തിൻ്റെ ബുദ്ധികേന്ദ്രം  ഇപ്പോൾ പിടിയിലായ സൽമാനും നബീലുമാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

സൽമാനും നബീലും ചേര്‍ന്നാണ് വിവിധ ഇടങ്ങളിൽ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്. സംഘത്തിൽ കൊച്ചി സ്വദേശിയായ മോഡൽ ബ്രിസ്റ്റി വിശ്വാസുമുണ്ട്. പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 

വാഗമൺ നിശാപാർട്ടി ലഹരിമരുന്ന് കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച 49 പേരുടെ വൈദ്യപരിശോധനഫലം ഇന്ന് പുറത്ത് വരും. ഇതിൽ ലഹരിമരുന്നിന്‍റെ അംശം കണ്ടെത്തിയാൽ അവർക്കെതിരെ പൊലീസ് കേസെടുക്കും. ഇതിനിടെ ക്രിസ്മസ് സീസൺ മുൻനിർത്തി മേഖലയിലെ ഹോട്ടലുകളിൽ പൊലീസ് ലഹരിമരുന്ന് പരിശോധന കർശനമാക്കി.

വാഗമൺ നിശാപാർട്ടി ലഹരിമരുന്ന് കേസിൽ 12 യുവതികളടക്കം 58 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. ഇതിൽ ലഹരിമരുന്ന് ഇടപാട് നടത്തിയ 9 പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർ പ്രഥദൃഷ്ട്യാ ലഹരിമരുന്ന് ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യാതിരുന്നതിനെ തുടർന്നാണ് കേസിൽ പ്രതി ചേർക്കാതിരുന്നത്. പക്ഷേ ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിനാണ് വൈദ്യപരിശോധന നടത്തിയത്. 

പരിശോധന ഫലം എതിരായാൽ ഇവരെ കേസിൽ കൂട്ടുപ്രതികളാക്കും. റിസോർട്ടിൽ എത്തിയ എല്ലാവർക്കും നിശാപാർട്ടിയെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. റിസോർട്ട് ഉടമ ഷാജി കുറ്റക്കാടന്‍റെ മൊഴി വിശകലനം ചെയ്ത് ഇയാളെ കേസിൽ പ്രതിചേർക്കുന്ന കാര്യത്തിലും പൊലീസ് തീരുമാനമെടുക്കും. കേസുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം ഇന്ന് എസ്പിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.

ഇതിനിടെ വാഗമണിലെത്തുന്ന വിനോദസഞ്ചാരികളുടെ മുഴുവൻ വിവരവും ശേഖരിക്കുന്നതിനുള്ള നടപടികൾ പൊലീസ് ഊർജിതമാക്കി. ക്രിസ്മസ് -  പുതുവത്സര സീസണിൽ ഉൾപ്രദേശങ്ങളിലെ ഹോട്ടലുകളിലും റിസോട്ടുകളിലും ലഹരിമരുന്ന് ഉപയോഗം വ്യാപകമായേക്കുമെന്ന റിപ്പോട്ടുകളെ തുടർന്നാണ് നടപടി. സംശയം തോന്നിയാൽ റിസോട്ടുകളിൽ പരിശോധന നടത്തുന്നതിനും ലോക്കൽ പൊലീസിന് അനുമതി നൽകിയിട്ടുണ്ട്.

click me!