'സ്വാശ്രയ കോഴ്‌സുകൾക്ക് എൻഒസി ഒഴിവാക്കിയത് മാറ്റങ്ങൾക്കുള്ള തുടക്കം, കാലതാമസം ഒഴിവാക്കാൻ'; പിണറായിയുടെ അടക്കം വിമർശനങ്ങൾ വസ്തുതാവിരുദ്ധമെന്നും മന്ത്രി

Published : Nov 08, 2026, 05:02 PM IST
ROJI PINARAYI

Synopsis

സ്വാശ്രയ കോഴ്‌സുകൾക്ക് എൻഒസി ഒഴിവാക്കിയത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കാണെന്ന് മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും മെറിറ്റോ സംവരണമോ അട്ടിമറിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തിരുവനന്തപുരം: എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും സീറ്റ് വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി (എൻ ഒ സി) ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം ലക്ഷ്യമിട്ടാണ് ഈ പുതിയ സർക്കുലറെന്നും പുതിയ കോഴ്‌സുകൾ തുടങ്ങുന്നതിനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ മാത്രം നിലനിൽക്കുന്ന എൻ ഒ സി സമ്പ്രദായം മാറ്റുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണ കോളേജുകൾക്ക് വാരിക്കോരി ഇളവുകൾ നൽകിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി റോജി എം ജോൺ തിരിച്ചടിച്ചു. എല്ലാ കോളേജുകൾക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്നും മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കാണ് സ്വയംഭരണ പദവി അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മെറിറ്റോ സംവരണ തത്വങ്ങളോ അട്ടിമറിക്കില്ലെന്നും, സർക്കാരിന്റെ ഈ നീക്കം സർക്കാർ കോളേജുകളുടെ പ്രവർത്തനങ്ങളെ യാതൊരു വിധത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യു ജി സി (UGC) റെഗുലേഷൻ പ്രകാരം സ്വയംഭരണ കോളേജുകൾക്ക് കോഴ്‌സുകൾ തുടങ്ങാൻ സർക്കാരിന്റെയോ സർവ്വകലാശാലയുടെയോ അനുമതി ആവശ്യമില്ലെങ്കിലും, കേരളത്തിൽ സർവ്വകലാശാലയുടെ അനുമതി വേണമെന്ന നിബന്ധന നിലനിർത്തിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സർവ്വകലാശാലയുടെ കൃത്യമായ പരിശോധനയ്ക്കും അനുമതിക്കും ശേഷം വീണ്ടും സർക്കാരിന്റെ എൻ ഒ സി ആവശ്യമില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. 2014 ലും 2021 ലും നിയമസഭ പാസാക്കിയ യൂണിവേഴ്‌സിറ്റി ആക്ടുകളിലെ എൻ ഒ സി സംബന്ധിച്ച വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഷയം പഠിക്കാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രക്ഷോഭമെന്ന് എസ് എഫ് ഐ

അതേസമയം സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാനുള്ള എൻ ഒ സി ഒഴിവാക്കിയതും, മുൻപ് വർഷാവർഷം നൽകേണ്ടിയിരുന്ന അനുമതി ഇനി മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്ന ഇളവും വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കുമെന്ന വിമർശനം പ്രതിപക്ഷം ആവർത്തിക്കുകയാണ്. എന്നാൽ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ശീലം കൊണ്ടാകാമെന്ന് റോജി എം ജോൺ പരിഹസിച്ചു. സർക്കാരിന്റെ ഇളവുകൾക്കെതിരെ എസ് എഫ് ഐയും പ്രത്യക്ഷ സമരത്തിലേക്ക് കടന്നതോടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുംദിവസങ്ങളിൽ പോര് കടുക്കും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട്ടിലെ ക്ഷീരകർഷക ദമ്പതികളുടെ പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ, ഫാം പ്രവർത്തനം തുടരാൻ എല്ലാ പിന്തുണയും ഉറപ്പുനൽകി
പുതിയ നയം വരുന്നത് വരെ ബാ‍ർ ലൈസൻസ് നൽകരുത്, ഒടുവിൽ ഉത്തരവിറക്കി എക്സൈസ് വകുപ്പ്