
കൊച്ചി: വാളയാർ കേസിലെ പ്രതി മധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കരാർ കമ്പനി സൂപ്പർവൈസറെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി നിയാസ് സിപി ആണ് അറസ്റ്റിലായത്. നിയാസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ബിനാനിപുരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കമ്പനിയിൽ നിന്ന് ചെമ്പ് തകിട് മോഷണം പോയ സംഭവത്തൽ മധുവിനെ സൂപ്പർവൈസർ തടഞ്ഞു വെച്ചതായി പോലീസ് പറയുന്നു. ഇതിലുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നും പൊലീസ് കണ്ടെത്തി.
സംഭവത്തിൽ എറണാകുളം എടയാർ സിങ്കിലെ നിയാസിനെ ബിനാനിപുരം പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥാപനത്തിലെ ചെമ്പ് കമ്പിയും തകിടുകളും മോഷ്ടിക്കാൻ ശ്രമിച്ച മധുവിനെ നേരത്തെ കരാർ കമ്പനി അധികൃതർ പിടികൂടിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർഷങ്ങൾക്ക് മുൻപ് അടച്ചുപൂട്ടിപ്പോയ ബിനാനി സിങ്ക് കമ്പനിയിലെ ലോഹ ഭാഗങ്ങൾ നീക്കാൻ കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരനായിരുന്നു മധു. മധുവിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വാളയാർ കേസിൽ ജാമ്യം കിട്ടിയ ശേഷം മധു കൊച്ചിയിലെത്തിയിരുന്നു. പിന്നീട് ഇവിടെയാണ് ജോലി ചെയ്ത് താമസിച്ചിരുന്നത്. വാളയാർ കേസിൽ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് മധുവിന്റെ മരണം. നേരത്തെ കേസിലെ മറ്റൊരു പ്രതി പ്രദീപ് കുമാറും ജീവനൊടുക്കിയിരുന്നു. വാളയാർ കേസ് പ്രതികളുടെ ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും നീതി സമര സമിതിയും പൊലീസിനും സിബിഐക്കും കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയിലെ തന്നെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam