വാളയാര്‍ കേസിൽ ഗുരുതര ആരോപണം: അഡ്വ ജയശങ്കറിനെ മര്യാദ പഠിപ്പിച്ചിരിക്കുമെന്ന് എംബി രാജേഷ്

Published : Dec 06, 2019, 09:24 PM IST
വാളയാര്‍ കേസിൽ ഗുരുതര ആരോപണം: അഡ്വ ജയശങ്കറിനെ മര്യാദ പഠിപ്പിച്ചിരിക്കുമെന്ന് എംബി രാജേഷ്

Synopsis

ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് മുൻ എംപിക്കെതിരെ ഗുരുതര ആരോപണം അഡ്വ ജയശങ്കര്‍ ഉന്നയിച്ചത് ന്യൂസ് അവറിലേക്ക് വിളിച്ച എംബി രാജേഷ് ഈ ആരോപണത്തോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ രക്ഷിക്കാൻ മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ് ഇടപെട്ടെന്ന് അഡ്വ എ ജയശങ്കറിന്റെ ആരോപണം. ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ഇത്തരമൊരു ആരോപണം അഡ്വ എ ജയശങ്കര്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ ന്യൂസ് അവര്‍ ചര്‍ച്ചയിലേക്ക് വിളിച്ച എംബി രാജേഷ്, താൻ നിയമനടപടി സ്വീകരിക്കുമെന്നും എ ജയശങ്കറിനെ മര്യാദ പഠിപ്പിക്കുമെന്നും പ്രതികരിച്ചു.

"വാളയാര്‍ കേസിൽ എംബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായിട്ടുള്ള നിതിൻ കണിച്ചേരിയും മുൻകൈയ്യെടുത്താണ് പ്രതികളെ രക്ഷിച്ചിട്ടുള്ളത്. ലോകത്തെല്ലാ ആളുകൾക്കും അറിയുന്ന കാര്യമാണത്. ആ പ്രതികളിപ്പോൾ മാന്യന്മാരായി നെഞ്ചും വിരിച്ച് നടക്കുന്നു. അവര്‍ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും എല്ലാ ജാഥയ്ക്കും പോകുന്നു," എന്നായിരുന്നു ഇന്നത്തെ ന്യൂസ് അവര്‍ ചര്‍ച്ചയിൽ അഡ്വ ജയശങ്കര്‍ പറഞ്ഞത്. ഹൈദരാബാദിൽ ദിശ കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന ചര്‍ച്ചയ്ക്കിടെയാണ് അഡ്വ എ ജയശങ്കര്‍ ഗുരുതരമായ ആരോപണം സിപിഎമ്മിന്റെ പ്രമുഖ നേതാവിനെതിരെ ഉന്നയിച്ചത്.

ഇതിന് പിന്നാലെ ന്യൂസ് അവര്‍ ചര്‍ച്ചയിലേക്ക് ഫോൺ ചെയ്ത എംബി രാജേഷ്, അഡ്വ ജയശങ്കറിന്റെ ആരോപണം നിഷേധിച്ചു. തനിക്ക് വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടായിരുന്നു എംബി രാജേഷ് ന്യൂസ് അവറിലേക്ക് വിളിച്ചത്. "ഞാനങ്ങോട്ട് ആവശ്യപ്പെട്ടതാണ്. എന്നെ രണ്ട് മൂന്ന് പ്രേക്ഷകര്‍ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. ആദ്യം ഇത്തരമൊരു അപമാനകരമായ ആരോപണം ഉന്നയിച്ചത് ഹിന്ദു ഐക്യവേദിയുടെ നേതാവ് ശശികലയാണ്. മറ്റ് ചിലരും ഈ ആരോപണം ഉന്നയിച്ചു. അവര്‍ക്കെതിരായി ഡിജിപിക്ക് പരാതി നൽകി. ക്രിമിനൽ നടപടികളും ആരംഭിച്ചിട്ടുണ്ട്. ജയശങ്കര്‍, ആരെയും എന്ത് പുലഭ്യവും പറയാൻ ജന്മാവകാശം ഉണ്ടെന്ന് കരുതുന്ന ആളാണ്. സ‍ര്‍വ്വത്ര പുച്ഛം, പരമപുച്ഛം പുലഭ്യം പറച്ചിൽ ഇതൊക്കെ ഒരലങ്കാരമായിട്ടും ഭൂഷണമായിട്ടും കൊണ്ടുനടക്കുന്നൊരാളാണ്. ഞാൻ കൂടുതൽ അയാളെ കുറിച്ച് പറയുന്നില്ല. പക്ഷെ എന്ത് തെമ്മാടിത്തം പറഞ്ഞാലും കേട്ടിരിക്കാൻ വിധിക്കപ്പെട്ടൊരാളല്ല ഞാനെന്ന് അയാളോട് പറയാൻ ആഗ്രഹിക്കുന്നു. നിയമനടപടി ജയശങ്കറിന് നേരെയും സ്വീകരിക്കും," എന്നായിരുന്നു എംബി രാജേഷ് പറഞ്ഞത്. 

എന്നാൽ "നിയമനടപടിയെ ഭയക്കുന്നയാളൊന്നുമല്ല അഡ്വക്കേറ്റ് ജയശങ്കര്‍," എന്നായിരുന്നു ജയശങ്കറിന്റെ ഇതിനോടുള്ള പ്രതികരണം. "ഇദ്ദേഹത്തിന്റെ നേതാവായ പിണറായി വിജയൻ പണ്ട് എനിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസയച്ചിട്ടുള്ളതാണ്. വെറും 50 ലക്ഷം രൂപയേ ചോദിച്ചുള്ളൂ. എന്തുകൊണ്ടോ അദ്ദേഹം പിന്നീട് കേസ് കൊടുക്കുകയുണ്ടായില്ല. ഏതായാലും ആ അവസരം രാജേഷിന് കൈവന്നതിൽ ഞാൻ സന്തോഷിക്കുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തെ ഉപദേശിക്കുന്നു. അപകീര്‍ത്തിപ്പെടുത്തുന്നതല്ല, ഞാൻ പറഞ്ഞതിൽ ഞാനുറച്ച് നിൽക്കുന്നു. അദ്ദേഹം കേസ് കൊടുക്കട്ടെ." എന്നായിരുന്നു അഡ്വക്കേറ്റ് ജയശങ്കറിന്റെ മറുപടി.

എന്നാൽ രോഷത്തോടെ പ്രതികരിച്ച എംബി രാജേഷ്, ജയശങ്കറിനെ മര്യാദ പഠിപ്പിച്ചിരിക്കും എന്ന് പറഞ്ഞു. "ജയശങ്ക‍ര്‍ വെല്ലുവിളിക്കട്ടെ. ജയശങ്കറിനെ കൊണ്ട് മര്യാദ പഠിപ്പിക്കും. എന്തും വിളിച്ച് പറയാമെന്നാണോ? ആരെക്കുറിച്ചും എന്തും വിളിച്ചുപറയാമെന്നാണോ? ജയശങ്കറതൊരു ശീലമാക്കി മാറ്റിയിരിക്കുകയാണ്. എന്നെക്കുറിച്ച് അത് പറഞ്ഞാൽ, അതിൽ പൂര്‍ണ്ണമായ ബോധ്യമുള്ളതുകൊണ്ടും അത് അംഗീകരിച്ചുകൊടുക്കാൻ സൗകര്യപ്പെടാത്തത് കൊണ്ടും അതിൽ ഭയപ്പെടാത്തത് കൊണ്ടും ജയശങ്കറിനെ മര്യാദ പഠിപ്പിച്ചിരിക്കും. ഒരു സംശയവും വേണ്ട ആ കാര്യത്തിൽ," എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 2 ബലാത്സം​​ഗ കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും