വാളയാർ കേസ്; സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ

By Web TeamFirst Published Feb 11, 2021, 7:46 AM IST
Highlights

കൂടുതൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുടെകൂടി പിന്തുണയോടെ സമരം ശക്തമാക്കി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് സമരസമിതി ലക്ഷ്യമിടുന്നത്.

പാലക്കാട്‌: വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സമരസമിതി. സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. അതേസമയം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ഗോമതി രാത്രി ആശുപത്രിയിൽ നിന്ന് നിർബന്ധിത ഡിസ്ചാർജ് വാങ്ങി സമരപന്തലിത്തി നിരാഹാരം തുടരുകയാണ്.

നിരാഹാരമിരുന്ന ഗോമതിയെ ആശുപത്രിയിലേക്ക് ബലംപ്രയോഗിച്ച് മാറ്റിയതിൽ സമരസമിതിയുടെ പ്രതിഷേധം ശക്തമായി. സമരം അട്ടിമറിക്കാൻ ബോധപൂർവ്വം പൊലീസ് ശ്രമിക്കുന്നെന്നാണ് ആരോപണം. ആശുപത്രിയിലും ഗോമതി സമരം തുടർന്ന ഗോമതി പിന്നീട് നിർബന്ധിത ഡിസ്ചാർജ് വാങ്ങി സമരപന്തലിൽ തിരിച്ചെത്തി.

സോജൻ ഉൾപ്പെടെയുളള അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗോമതി നടത്തിയ നിരാഹാരം ആറുനാൾ പിന്നിട്ടപ്പോഴായിരുന്നു പൊലീസ് നടപടി. അറസ്റ്റിന് ശേഷം വിട്ടയച്ച സമരസമിതി പ്രവർത്തകർ പ്രകടനവുമായാണ് സമരപ്പന്തലിലെത്തിയത്. കൂടുതൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുടെകൂടി പിന്തുണയോടെ സമരം ശക്തമാക്കി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് സമരസമിതി ലക്ഷ്യമിടുന്നത്.

click me!