'പുന്നല പറഞ്ഞു പറ്റിച്ചു, അഭിഭാഷകനെ മാറ്റേണ്ടി വന്നു', വാളയാർ പെൺകുട്ടികളുടെ അമ്മ

By Web TeamFirst Published Oct 23, 2020, 2:46 PM IST
Highlights

പുന്നല ശ്രീകുമാർ ഇടപെട്ടാണ് അഡ്വ. ഉദയഭാനുവിനെ വാളയാർ കേസിലെ അഭിഭാഷകനായി നിയമിച്ചത്. എന്നാൽ അഭിഭാഷകൻ നീതി നേടിത്തരുമെന്ന് വിശ്വാസമില്ലാതായി. ഇതോടെ അഭിഭാഷകനെ മാറ്റേണ്ടി വന്നു.

പാലക്കാട്: വാളയാർ കേസിൽ കൂടുതൽ ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ രംഗത്ത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഒരു സംഘം വനിതാ പൊലീസുദ്യോഗസ്ഥർ എത്തി അവരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ്, കെപിഎംഎസ്സിനും പുന്നല ശ്രീകുമാറിനുമെതിരെ ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ രംഗത്തുവരുന്നത്. എല്ലാ പിന്തുണയും നൽകുമെന്ന് പറഞ്ഞ പുന്നല പറഞ്ഞുപറ്റിച്ചെന്നും, കേസിലെ അഭിഭാഷകനായ അഡ്വ. ഉദയഭാനുവിനെ മാറ്റേണ്ടി വന്നെന്നും, അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെപിഎംഎസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നെന്നും അമ്മ ആരോപിച്ചു.  

മക്കളുടെ ജീവന് വിലപേശിക്കൊണ്ടാണ് പുന്നല ശ്രീകുമാർ മുഖ്യമന്ത്രിയുടെ അടുക്കൽ കൊണ്ടുപോയതെന്ന് അമ്മ പറയുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‍പി സോജന് സ്ഥാനക്കയറ്റം നൽകിയതോടെ എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. മക്കൾക്ക് നീതികിട്ടുമെന്ന് പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ കാല് താൻ പിടിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷയും നഷ്ടമായെന്നും അമ്മ പറയുന്നു. 

വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട് പോക്സോ കോടതി വിധി വന്ന ഒരു വർഷം പൂർത്തിയാകുമ്പോൾ ദുരൂഹമായി പൊലീസെത്തി മൊഴിയെടുത്തുവെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ്  കഴിഞ്ഞദിവസം വനിതാ പോലീസുകാർ പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. താൻ പറഞ്ഞ കാര്യങ്ങൾ അല്ല മൊഴിയായി രേഖപ്പെടുത്തിയതെന്ന ആരോപണമാണ് പെൺകുട്ടികളുടെ അമ്മ ഉന്നയിച്ചത്.

പാലക്കാട് വനിതാ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി  മൊഴിയെടുത്തത്. അമ്മയുടെ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് ആണ് ഇതിലെ വാചകങ്ങൾ. ഇളയ കുട്ടിയുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇതുൾക്കൊളളാതെയാണ് തന്‍റെ വാക്കുകൾ എഴുതിയെടുത്തതെന്നും അമ്മ പറയുന്നു. കേസിൽ തുടരന്വേഷണമോ, പുനർവിചാരണയോ തീരുമാനമാവാത സാഹചര്യത്തിൽ ഇത്തരം കീഴ്‌വഴക്കം  പതിവില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. കേസ് വീണ്ടും അട്ടിമറിക്കപ്പെടും എന്നാണ് വീട്ടുകാരുടെ ആശങ്ക.

മൊഴിയെടുത്തത് വനിതാസെൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ എന്തിനെന്ന് പറയാൻ അവർ തയ്യാറാകുന്നില്ല. ഇത്തരമൊരു നീക്കം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ പെട്ടിട്ടുമില്ല. 

click me!