
ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയിൽ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അറുപത്തിയഞ്ച് ശതമാനം പെള്ളലേറ്റെങ്കിലും കുട്ടി അപകടനില തരണംചെയ്തെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. കുട്ടിയെ പീഡിപ്പിച്ച പ്രതി മനു ഒളിവിലാണ്. രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം കണ്ട വീട്ടുകാർ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.
രണ്ട് ദിവസം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് വീട്ടുകാർ കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. നരിയമ്പാറയിലെ ഓട്ടോ ഡ്രൈവറായ മനു പീഡിപ്പിച്ചെന്നാണ് പരാതി. മൊഴിയെടുത്തപ്പോൾ കുട്ടി ഇത് ശരിവയ്ക്കുകയും ചെയ്തു. ഇതോടെ പോക്സോ ചുമത്തി മനുവിനെതിരെ കേസെടുത്തു. കുട്ടി ദളിത് വിഭാഗത്തിൽപ്പെട്ടതായതുകൊണ്ട് അതിൻപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എന്നാൽ പീഡനശേഷം ഒളിവിൽപ്പോയ മനുവിനെ കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല. ജില്ലയ്ക്ക് അകത്തും പുറത്തുമായി ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam