
വാളയാർ: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തില്‍ കേസൊതുക്കി തീർക്കാൻ പ്രദേശവാസികളല്ലാത്ത ആളുകളെ പൊലീസ് സാക്ഷി പട്ടികയിൽ ഉൾപെടുത്തിയെന്ന് സംശയിക്കുന്നതായി പെൺകുട്ടികളുടെ അമ്മ. പെൺകുട്ടികൾ മരിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പലരും കേസിൽ സാക്ഷികൾ ആയിരുന്നില്ല. അതേസമയം സാക്ഷികൾ ആരൊക്കെയെന്ന് വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. സാക്ഷികളെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പൊലീസ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പ്രോസിക്യൂഷനും പ്രതികൾക്കുവേണ്ടി ഒത്തുകളിച്ചു എന്ന് സംശയിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേസിന്‍റെ വിസ്താര സമയങ്ങളിൽ മാത്രമാണ് പ്രോസിക്യൂട്ടറെ കാണുന്നത്. മൊഴി നൽകേണ്ടത് എങ്ങനെയെന്ന് പ്രോസിക്യൂട്ടർ നേരത്തെ പറഞ്ഞു തന്നില്ല. പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ തന്നെ അപകീർത്തിപ്പെടുത്തി സംസാരിച്ചപ്പോഴും പ്രോസിക്യൂട്ടർ മൗനം പാലിച്ചതായും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.
കേരളത്തിന്‍റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ മരണം. 2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.
വാളയാര്‍ കേസില്‍ നീതി തേടി യുവജനസംഘടനകള്‍ തെരുവിലേക്ക്; ഒപ്പം പെണ്‍കുട്ടികളുടെ കുടുംബാഗംങ്ങളും...
ഒക്ടോബർ 25-നാണ് കേസിലെ മൂന്ന് പ്രതികളെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിച്ചിരുന്നു. ആദ്യ മരണത്തിൽ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.
'പാര്‍ട്ടിക്കാര്‍ കേസില്‍ കളിച്ചു, പൊലീസ് സത്യമറിയിച്ചെങ്കില്‍ ഇളയമോള്‍ രക്ഷപ്പെടുമായിരുന്നു'
അതേ സമയം വാളയാർ കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തുമെന്ന് നിയമ മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാളയാർ കേസിൽ നാല് പ്രതികളെയും വെറുതെവിട്ട സംഭവത്തിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വീഴ്ച പറ്റിയെന്ന ആരോപണങ്ങൾക്കിടെയാണ് നിയമമന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam