തിരുവനന്തപുരം: വാളയാർ കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തുമെന്ന് നിയമ മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വാളയാർ കേസിൽ നാല് പ്രതികളെയും വെറുതെവിട്ട സംഭവത്തിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വീഴ്ച പറ്റിയെന്ന ആരോപണങ്ങൾക്കിടെയാണ് നിയമമന്ത്രിയുടെ പ്രതികരണം. മതിയായ തെളിവുകൾ കിട്ടിയാൽ പുനരന്വേഷണത്തിന് സർക്കാർ തയ്യാറെന്നാണ് മന്ത്രി പറയുന്നത്.

അതേസമയം രണ്ടു പെൺകുട്ടികളും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിട്ടും പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് നിയമ വിഗദ്ധരുടെ നിരീക്ഷണം. ആദ്യം കോടതി കുറ്റവിമുക്തനാക്കിയ പ്രദീപ്കുമാറിന് വേണ്ടി ഹാജരായ ആളെ പിന്നീട് സിഡബ്യുസി ചെയർമാനാക്കിയ നടപടി അന്വേഷിക്കുമെന്ന് സാമൂഹ്യ ക്ഷേമമന്ത്രി കെ കെ ശൈലജയും പ്രതികരിച്ചു. ഇത്തരം കേസുകളിൽ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂ സി പരിഗണിക്കേണ്ടതെന്നും ശൈലജ വ്യക്തമാക്കി.

അന്വേഷണസംഘം യഥാർത്ഥ പ്രതികളെ സംരക്ഷിച്ചെന്ന ആരോപണങ്ങൾക്കിടെയാണ് പൊലീസ് അപ്പീൽ സാധ്യത പരിശോധിച്ചത്. ഇതിനായി ഗവ. പ്ലീഡർമാരിൽ നിന്ന് നിയമോപദേശവും തേടി. എന്നാൽ അപ്പീലിലോ, പൊലീസ് അന്വേഷണത്തിലോ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. ഒന്നും രണ്ടും പ്രതികൾ എൽഡിഎഫുമായി ബന്ധമുള്ളവരാണെന്നും ഈ സ്വാധീനമുപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും അമ്മ ന്യൂസ് അവറിൽ പറഞ്ഞു.

പീഡനം നടന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും പ്രതികളിലേക്കെത്തുന്ന തെളിവുകളും ശക്തമായ മൊഴികളും പ്രോസിക്യൂഷന്റെ പക്കലുണ്ടായിരുന്നില്ല.  നിലവിലെ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാവും മേൽക്കോടതിയിൽ അപ്പീൽ പോകുക. അങ്ങിനെയെങ്കിൽ തിരിച്ചടിയാവുമെന്ന് നിയമവിദഗ്ധർ ചൂണ്ടികാട്ടുന്നു.