Latest Videos

വാളയാർ കേസ്: സംസ്ഥാന സർക്കാർ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നെന്ന് കുമ്മനം

By Web TeamFirst Published Oct 31, 2019, 3:54 PM IST
Highlights
  • തെളിവെടുപ്പിനായി വന്ന ദേശീയ ബാലാവകാശ കമ്മിഷൻ അംഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സർക്കാർ ഒരുക്കിയില്ല
  • എന്തുകൊണ്ടാണ് സിപിഎം നേതാക്കൾ പരസ്യമായി പ്രതികരിക്കാത്തതെന്ന് ചോദിച്ച കുമ്മനം കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്നും ആരോപിച്ചു

തിരുവനന്തപുരം: വിവാദമായ വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. കേസിൽ തെളിവെടുപ്പിനായി വന്ന ദേശീയ ബാലാവകാശ കമ്മിഷൻ അംഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സർക്കാർ ഒരുക്കിയില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

തെളിവെടുപ്പിനായി ദേശീയ ബലാവകാശ കമീഷൻ എത്തിയപ്പോൾ ഉദ്യോഗസ്ഥർ പോലും വിട്ടുനിന്നെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. കുട്ടികളുടെ മാതാപിതാക്കളെ തെളിവെടുപ്പിൽ നിന്ന് വിട്ടുനിർത്താനായി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. എന്തുകൊണ്ടാണ് സിപിഎം നേതാക്കൾ പരസ്യമായി പ്രതികരിക്കാത്തതെന്ന് ചോദിച്ച കുമ്മനം കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്നും ആരോപിച്ചു.

വാളയാർ  കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം. മുഖ്യമന്ത്രി എങ്ങനെയാണ് അസ്വാഭാവിക മരണം എന്നും ആത്മഹത്യ എന്നും പറയുന്നതെന്നും കുമ്മനം ചോദിച്ചു. കുറ്റക്കാരെ രക്ഷപെടുത്തുന്ന രീതിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നാളെ (നവംബർ ഒന്നിന്) സെക്രട്ടേറിയേറ്റ് പടിക്കൽ ബിജെപിയുടെ ഉപവാസ സമരം ആരംഭിക്കും. 

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഐയുടെ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് കുമ്മനം ചോദിച്ചു. സംഭവത്തിൽ ഏറെ ദുരൂഹത ഉണ്ട്. നടന്ന കാര്യങ്ങൾ സർക്കാർ ജനങ്ങളോട് തുറന്ന് പറയണം. ഇതേക്കുറിച്ചു അന്വേഷണം നടത്തണം. ആരെയും ഏകപക്ഷീയമായി വെടിവച്ചു കൊല്ലുന്നതിനോട് യോജിപ്പില്ലെന്നും ഭരണകക്ഷിയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

click me!