വാളയാർ പീഡന കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

By Web TeamFirst Published Oct 31, 2019, 11:17 AM IST
Highlights
  • പെൺകുട്ടികളുടെ മരണത്തിൽ പ്രതിപക്ഷ പാർട്ടികളുടെയും വിവിധ സാമൂഹ്യസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്
  • കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം സർക്കാർ നിരാകരിച്ചെന്ന വിവരം ഇന്നലെ പുറത്തു വന്നിരുന്നു

പാലക്കാട്: വാളയാർ പീഡ കേസിൽ സിബിഐ അന്വേഷണം ആവസ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചു. നീതിപൂർവ്വമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാത്‌പര്യ ഹർജി.

അതേസമയം കേസിൽ പുനരന്വേഷണം അടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രിയോട് നേരിട്ട് പറയാനായി പെൺകുട്ടികളുടെ മാതാപിതാക്കൾ തിരുവനന്തപുരത്തെത്തി. നിയമസഭാ മന്ദിരത്തിലെ ഓഫീസിൽ വച്ച് മുഖ്യമന്ത്രി ഇവരുമായി കൂടിക്കാഴ്ച നടത്തും.

പെൺകുട്ടികളുടെ മരണത്തിൽ പ്രതിപക്ഷ പാർട്ടികളുടെയും വിവിധ സാമൂഹ്യസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. കേസിൽ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന 100 മണിക്കൂർ സമരത്തിൽ ഇന്ന് സംസ്ഥാന നേതാക്കളും പങ്കെടുക്കും. വാളയാർ മുതൽ തിരുവനന്തപുരം വരെ ലോങ് മാ‍ർച്ച് സംഘടിപ്പിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് കെപിസിസി. പ്രതിഷേധ മാർച്ചിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും.

കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം സർക്കാർ നിരാകരിച്ചെന്ന വിവരം ഇന്നലെ വൈകിട്ടോടെ പുറത്തു വന്നിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജിനെ മാറ്റണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സോജൻ 2017ൽ തന്നെ സർക്കാരിനോടാവശ്യപ്പെട്ടെങ്കിലും ഇത് സർക്കാർ അംഗീകരിച്ചില്ലെന്ന വിവരമാണ് പുറത്തുവന്നത്. പ്രോസിക്യൂട്ടറെ സഹായിക്കാൻ പൊലാസുദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു. പ്രോസിക്യൂട്ടറുമായുള്ള ഭിന്നതയെ തുടർന്നായിരുന്നു രണ്ട് നീക്കവും.

വാളയാർ കേസന്വേഷണം പൊലീസ് അട്ടിമറിച്ചതിന്‍റെ നിരവധി തെളിവുകളും ഇന്നലെ ഒന്നിനു പുറകെ ഒന്നായി പുറത്തു വന്നിരുന്നു. മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മുണ്ടില്‍ ഇളയകുട്ടി മരിച്ചതിലെ ദുരുഹത പോലീസ് അന്വേഷിച്ചില്ല, കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് ഫോറൻസിക് സര്‍ജ്ജന്‍ പലതവണ നിർദേശിച്ചിട്ടും അന്വേഷണസംഘം അവഗണിച്ചു, കൊലപാതകമാണ് എന്ന പെൺകുട്ടികളുടെ അച്ഛനമ്മമാരുടെ മൊഴി കുറ്റപത്രത്തിൽ നിന്നൊഴിവാക്കി തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കുന്ന കുറ്റപത്രത്തിന്‍റെയും  മൊഴിയുടെയും പകര്‍പ്പുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.  കൊലപാതകം അന്വേഷിക്കുന്നുവെന്ന് പൊലീസ് തെറ്റിധരിപ്പിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവും രംഗത്തെത്തി.

പ്രതിപക്ഷ പാർട്ടികൾക്കൊപ്പം തന്നെ സാധാരണക്കാരായ ജനങ്ങളിൽ നിന്നും സർക്കാർ വൻ പ്രതിഷേധം നേരിടുന്ന കേസിൽ ദേശീയ കമ്മീഷനുകളും ശക്തമായ നിലപാട് ആണ് എടുത്തത്. പുനരന്വേഷണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുമ്പോൾ സർക്കാർ കടുത്ത സമ്മർദത്തിലാണ്. മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി വിഷയത്തിൽ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ

click me!