കൊച്ചിയില്‍ മാലിന്യ സംസ്‍കരണം കീറാമുട്ടി; സര്‍ക്കാര്‍ ഇടപെടണമെന്ന് കോര്‍പ്പറേഷന്‍

By Web TeamFirst Published Jun 1, 2020, 11:48 AM IST
Highlights

മാലിന്യ സംസ്‍കരണത്തിന് സംസ്ഥാനത്ത് പ്രത്യേക കമ്പനി രൂപീകരിക്കാൻ തയ്യാറെടുക്കുന്ന സർക്കാരിന് മുന്നിലാണ് ഇനി ഈ വിഷയം എത്തുക. 

കൊച്ചി: ബ്രഹ്മപുരം പദ്ധതി നിലച്ചതോടെ മാലിന്യ സംസ്‍കരണത്തിന് തുടർ പദ്ധതികളില്ലാതെ കൊച്ചി നഗരം. പ്രശ്‍ന പരിഹാരത്തിന് സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ വേണമെന്നാണ് നഗരസഭയുടെ ആവശ്യം. മാലിന്യ സംസ്‍കരണത്തിന് സംസ്ഥാനത്ത് പ്രത്യേക കമ്പനി രൂപീകരിക്കാൻ തയ്യാറെടുക്കുന്ന സർക്കാരിന് മുന്നിലാണ് ഇനി ഈ വിഷയം എത്തുക. 

മാലിന്യം സംസ്‍കരിച്ച് വളം, വൈദ്യുതി ഉത്പാദിപ്പിക്കുന്ന അന്താരാഷ്ട്ര മാതൃകകൾ നടപ്പിലാക്കുകയാണ് ലക്ഷ്യം. വികേന്ദ്രീകൃത രീതിയിൽ തിരുവനന്തപുരത്തും കേന്ദ്രീകൃത രീതിയിൽ കോഴിക്കോടും മാലിന്യ സംസ്‍കരണം മുന്നോട്ട് പോകുന്നുണ്ട്. സ്വകാര്യ ഏജൻസികളുമായുള്ള പദ്ധതി സംബന്ധിച്ച് വലിയ പരാതികളില്ല. എന്നാൽ ബ്രഹ്മപുരത്ത് സ്ഥിതി വ്യത്യസ്തമാണ്.

ബ്രഹ്മപുരത്തെ 100 ഏക്കറോളം ഭൂമിയിൽ പകുതിയിലധികവും മാലിന്യം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. 2018ലെ മഹാപ്രളയത്തിൽ എറണാകുളത്തും, അയൽ ജില്ലയിലെയും മാലിന്യം കൂടി ബ്രഹ്മപുരത്താണ് എത്തിച്ചത്. കട്ടിൽ മുതൽ കന്നുകാലികളുടെ ജഡം വരെ ലക്ഷക്കണക്കിന് ടൺ മാലിന്യം തരംതിരിക്കാതെ കൂട്ടി ഇട്ടിരിക്കുന്നു. ഇതിനൊപ്പം അടിക്കടിയുണ്ടാകുന്ന തീപ്പിടുത്തവും. സ്ഥിതി അതീവഗുരുതരമാകുന്ന സാഹചര്യത്തിൽ ഇനിയെന്ത് നടപടിയെന്നാണ് കൊച്ചിക്കാർ കാത്തിരിക്കുന്നത്.


 

click me!