സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടർ ബെൽ സംവിധാനം തുടങ്ങാൻ നിർദേശം; രാവിലെ 10.30നും ഉച്ചയ്ക്ക് 2 മണിക്കും

Published : Feb 16, 2024, 05:05 PM IST
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടർ ബെൽ സംവിധാനം തുടങ്ങാൻ നിർദേശം; രാവിലെ 10.30നും ഉച്ചയ്ക്ക് 2 മണിക്കും

Synopsis

പരീക്ഷ തുടങ്ങാനും സ്കൂൾ അടയ്ക്കാനും ഇനി ഏറെ ദിവസം ബാക്കി നിൽക്കുകയും സംസ്ഥാനത്ത് ചൂട് കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാ‍ർ പ്രത്യേക നിർദേശം നൽകുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മാറിയ കാലാവസ്ഥയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 'വാട്ടർ ബെൽ' സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ഓരോ ദിവസവും കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉചയ്ക്കും സ്കൂളുകളിൽ പ്രത്യേകം ബെൽ മുഴങ്ങും. രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമായിരിക്കും വാട്ടർ ബെൽ ഉണ്ടാവുക. ബെൽ മുഴങ്ങിക്കഴിഞ്ഞാൽ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നൽകണമെന്നാണ് സ്കൂളുകള്‍ക്ക് സ‍ർക്കാർ നൽകുന്ന നിര്‍ദേശം. സ്കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കാൻ ഇനിയും ദിവസങ്ങള്‍ ബാക്കി നിൽക്കുന്ന സാഹചര്യത്തിലാണ് വാട്ടർ ബെൽ വീണ്ടും കൊണ്ടുവരുന്നത്. മുൻ വർഷങ്ങളിൽ ചൂട് കനത്തപ്പോഴും സമാനമായ നിർദേശം സർക്കാർ പുറപ്പെടുവിച്ചിരുന്നു.

കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ മുൻകരുതൽ നിർദേശങ്ങള്‍ നൽകിയിട്ടുണ്ട്. ചൂടു കൂടിയ സമയത്ത് പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും മതിയായ അളവിൽ വെള്ളം കുടിക്കണമെന്നുമാണ് പ്രധാന നിർദേശങ്ങള്‍.  ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുകയും വേണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷാക്കാലമായാൽ പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും ഇടയ്ക്കുള്ള സമയത്ത് കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി