സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക്; ഡാമുകളിൽ ഇനിയുള്ളത് ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രം

By Web TeamFirst Published Jul 2, 2019, 11:01 AM IST
Highlights

ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. മഴ പെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാവും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളിൽ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോൾ ഡാമുകളിൽ ബാക്കിയുള്ളൂ എന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.

ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. മഴ പെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാവും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ ജലനിയന്ത്രണം അടക്കമുള്ള നടപടികൾ ആവശ്യമായി വരുമെന്ന് മന്ത്രി അറിയിച്ചു. 

ഒരു മാസത്തിനിടെ തുലാവർഷത്തിലെ കുറവാണ് രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കിയത്. വേനൽ മഴ കുറഞ്ഞതിനു പിന്നാലെ കാലവർഷവും കുറഞ്ഞത് തിരിച്ചടിയായി. വയനാട്ടിലാണ് മഴ ഏറ്റവുമധികം കുറഞ്ഞത്. 36 വ‌ർഷത്തിനിടയിൽ ജൂൺ മാസത്തിൽ എറ്റവും കുറവ് മഴ ലഭിച്ചത് 2019ലാണ്. ജൂൺ 8നാണ് കേരളത്തിൽ കാലവ‍ർഷം എത്തിയത്. വായു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ മഴയുടെ ശക്തി കുറഞ്ഞു. 

55 ശതമാനത്തിന്റെ കുറവാണ് വയനാട് ജില്ലയിൽ മാത്രമുണ്ടായത്. ഇടുക്കിയിൽ 48 ശതമാനവും കാസർഗോഡ് 44 ശതമാനവും മഴ കുറഞ്ഞു. തൃശൂരിൽ 40ഉം പത്തനംതിട്ടയിലും മലപ്പുറത്തും 38 ശതമാനവുമാണ് മഴക്കുറവ്. 

കഴിഞ്ഞ വർഷം ജൂൺ മുപ്പതുമായി താരതമ്യം ചെയ്യുമ്പോൾ സംഭരണശേഷിയുടെ 48.46 ശതമാനത്തിന്റെ കുറവാണ് ഡാമുകളിൽ ഉള്ളത്. ഇനിയും മഴ പെയ്തില്ലെങ്കിൽ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തിൽ നിയന്ത്രണമുണ്ടാകും. പ്രതിസന്ധി നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

click me!