
ചെറുതോണി: ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ (idukki dam) റെഡ് അലർട്ട് (red alert) പിൻവലിച്ചു. മുല്ലപ്പെരിയാറിൽ (mullaperiyar)നിന്നുള്ള വെള്ളം ഇതുവരെ ഡാമിൽ എത്തിയില്ലെന്നും, വന്നാലും ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.
രണ്ട് ദിവസമായി മഴയും നീരൊഴുക്കും കുറവാണ്. മുല്ലപ്പെരിയാറിലെ ജലം ഇതുവരെ ഡാമിലേക്ക് എത്തിയില്ല. രാത്രിയോടെ ജലം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് വന്നാലും ഡാം തുറക്കേണ്ട സാഹചര്യം ഇല്ല.
മുല്ലപ്പെരിയാർ അണക്കെട്ടിലെ (mullapperiyar-dam) രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ് ഇബി (kseb) അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്തത നിലവിൽ ഡാമിനുണ്ട്.അതിനാൽ ആശങ്ക വേണ്ടെന്നും മുൻകരുതലിന്റെ ഭാഗമായാണ് റെഡ് അലർട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്റ്റന്റ് എഞ്ചിനീയർ പി ബി സാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 30 സെന്റി മീറ്റർ വീതം ഉയർത്തിയത്. സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്. 2335 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാറിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ കേരളാ റവന്യൂ - ജല വകുപ്പ് മന്ത്രിമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മഴ ശക്തമായേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതനുസരിച്ചുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ആശങ്ക വേണ്ട എന്നാൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam