ജലനിരപ്പിൽ വലിയ മാറ്റമില്ല: പറമ്പിക്കുളം തുറന്നു വിട്ടെങ്കിലും ചാലക്കുടിയാറിൽ ആശ്വാസം

By Web TeamFirst Published Sep 21, 2022, 4:40 PM IST
Highlights

വൃഷ്ടി പ്രദേശത്തു മഴ ഇല്ലാത്തതും, ചാലക്കുടി പുഴയുടെ കൈവഴികളിലും,തോടുകളിലും വെള്ളം കുറഞ്ഞതും ആശ്വാസമാണ്. വേലിയിറക്ക സമയമായതിനാൽ ചാലക്കുടി പുഴയിലെ വെള്ളം കടൽ കൂടുതൽ വലിക്കുന്നുമുണ്ട് .

തൃശ്ശൂ‍ര്‍: പറമ്പിക്കുളം അണക്കെട്ടിലെ ഷട്ടർ തകരാറു മൂലം ഒഴുക്കി വിട്ട വെള്ളം ചാലക്കുടിപ്പുഴയിൽ എത്തിയെങ്കിലും ജലനിരപ്പ് വലിയതോതിൽ ഉയരാത്തത് ആശ്വാസമായി.  ജലക്രമീകരണത്തിനായി പൊരിങ്ങൽകുത്തിൻ്റെ ആറ് ഷട്ടറുകൾ തുറന്ന് പതിനേഴായിരം ഘനയടി വെള്ളമാണ് പുഴയിലേക്ക് ഒഴുക്കിവിടുന്നത്. പുഴയിൽ കുളിക്കാനും മത്സ്യബന്ധനത്തിനും ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പുണ്ട്.

തീ‍ര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പറമ്പിക്കുളം ഡാമിലെ ഷട്ടറുകളിലൊന്നിൽ തകരാ‍ര്‍ സംഭവിച്ചത്.  ഇരുപതിനായിരം ഘനയടി വെള്ളമാണ് പുലർച്ചെ മൂന്നു മണി മുതൽ പറമ്പിക്കുളത്ത് നിന്ന്  ഒഴുകി വന്നത്. രാവിലെ ആറു മണിയോടെ വെള്ളം പെരിങ്ങൽകൂത്തിലെത്തി. ജലം ക്രമീകരിക്കാൻ  16000 ഘനയടി വെള്ളം ആറു ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കി. അതുവരെ നൂൽ പോലെ ഒഴുകിയിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതോടെ ശക്തി പ്രാപിച്ചു. 

രാവിലെ ആറുമണിക്ക് ഒരുമീറ്റർ ജലനിരപ്പുണ്ടായിരുന്ന ചാലക്കുടിപ്പുഴയിൽ പത്തു മണിയോടെ ജലനിരപ്പ്
 രണ്ടു മീറ്ററിൽ എത്തി. പറമ്പികുളത്തു നിന്നുള്ള ജലമോഴുക്ക് തുടർന്നാൽ ചാലക്കുടിയിൽ ജലനിരപ്പ് മൂന്നു മുതൽ മൂന്നര മീറ്റർ വരെ എത്തിയേക്കാം എന്നാണ് കണക്കുകൂട്ടൽ. പറമ്പിക്കുളത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ചാലക്കുടിപ്പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും.

വൃഷ്ടി പ്രദേശത്തു മഴ ഇല്ലാത്തതും, ചാലക്കുടി പുഴയുടെ കൈവഴികളിലും,തോടുകളിലും വെള്ളം കുറഞ്ഞതും ആശ്വാസമാണ്. വേലിയിറക്ക സമയമായതിനാൽ ചാലക്കുടി പുഴയിലെ വെള്ളം കടൽ കൂടുതൽ വലിക്കുന്നുമുണ്ട് .എങ്കിലും ജാഗ്രത  തുടരണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയിൽ കുളിക്കാനും മത്സ്യബന്ധത്തിനും ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞമാസം ശക്തമായ മഴയിൽ പെരിങ്ങൽകുത്തിൽ നിന്ന് 36000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിയപ്പോൾ  ചാലക്കുടി പുഴയിൽ ജലനിരപ്പ് ഏഴു മീറ്റർ കടന്നിരുന്നു.

അതിനിടെ തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ പറമ്പിക്കുളത്തക്ക് തിരിച്ചു. 5.30 ഓടെ പറമ്പിക്കുളത്ത് എത്തുന്ന മന്ത്രി ഡാമിൻ്റെ ഷട്ടർ തകർന്ന സാഹചര്യം വിലയിരുത്തും

click me!