കൊച്ചിയിലെ വെള്ളക്കെട്ട്; കോർപ്പറേഷനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി

By Web TeamFirst Published Oct 22, 2019, 10:57 AM IST
Highlights

നിഷ്ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഹൈക്കോടതി. നഗരത്തെ സിങ്കപ്പൂർ ആക്കി മാറ്റിയിലെങ്കിലും നല്ല രീതിയിൽ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ഹൈക്കോടതി. 

കൊച്ചി: വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമ‍ർശനം. കോർപ്പറേഷനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ സർക്കാർ നാളെ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. നഗരത്തെ സിംഗപ്പൂർ ആക്കണമെന്നല്ല, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് പറയുന്നതെന്ന് കോടതി വ്യക്തമാക്കി. 

നിഷ്ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചി നഗരവാസികളുടെ രോദനം നാൾക്കുനാൾ കൂടിവരുകയാണെന്നും ഒരു മഴപെയ്‌ത്‌ തോർന്നപ്പോൾ ആയിരകണക്കിന് ആളുകൾ ഇപ്പോഴും വെള്ളത്തിൽ കഴിയുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. പ്രളയത്തേക്കാൾ ഭയാനകമായ സ്ഥിതിവിശേഷമാണ് നഗരത്തിൽ ഇന്നലെ ഉണ്ടായതെന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യം നോക്കാൻ ആരുമില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നിഷ്ക്രിയതക്കെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും എന്തുകൊണ്ട് പ്രതികരണം ഉണ്ടാവുന്നില്ലെന്നും കോടതി ചോദിച്ചു.

എല്ലാം കോടതി ഇടപെടലിലൂടെ മാത്രമേ ശരിയാകൂ എന്ന് കരുതരുത്. കോർപറേഷന്‍റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായാൽ സർക്കാർ ഉടൻ ഇടപെടണം. മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരം ഉപയോഗിച്ച് നഗരസഭാ പിരിച്ചുവിടണമെന്നും കോടതി വ്യക്തമാകി. കൊച്ചി നഗരത്തെ സിങ്കപ്പൂർ ആക്കി മാറ്റിയിലെങ്കിലും നല്ല രീതിയിൽ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. പേരണ്ടൂർ കനാൽ കേസിലെ അമിക്കസ് ക്യൂറി അഡ്വ സുനിൽ ജോസ് ആണ് ഇന്നലത്തെ കനത്ത മഴയെ തുടർന്നുണ്ടായ നഗരത്തിലെ സ്ഥിതിവിശേഷം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കരണക്കോടം തോട് കയ്യേറ്റ കേസും നാളെ കോടതി പരിഗണിക്കും. കേസിൽ അഡ്വ ജനറൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

വെള്ളത്തില്‍ മുങ്ങി കൊച്ചി

വോട്ടെടുപ്പ് ദിനമായിരുന്ന ഇന്നലെ കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു. ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ ഇടപ്പള്ളി മുതൽ എംജി റോഡ് വരെ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. പനമ്പള്ളി നഗർ, കലൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ ഇടറോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. വെള്ളക്കെട്ട് കാരണം പോളിംഗ് ശതമാനവും മന്ദഗതിയിലായി. പലയിടത്തും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തുകയും ചെയ്തിരുന്നു. 

ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന് പേരിട്ട ദൗത്യത്തിൽ ഫയർ ഫോഴ്സും, പൊലീസും, റവന്യൂ അധികൃതരും പങ്കാളികളായി. മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട കലൂർ , ഇടപ്പള്ളി, നോർത്ത് ഓവർ ബ്രിഡ്ജ്, ചെട്ടിച്ചിറ എന്നീ സ്ഥലങ്ങളടക്കം ഒൻപതിടങ്ങളിലാണ് ഫയർ ഫോഴ്സിന്‍റെ നേതൃത്വത്തിൽ കാനകൾ വൃത്തിയാക്കിയത്. നടപടികൾ ഇന്നും തുടരും.

തുടർച്ചയായി നാല്  മണിക്കൂർ മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന കൊച്ചി നഗരം മെട്രോ നിവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. വെള്ളക്കെട്ടിന്റെ പേരിൽ നഗരസഭയിൽ ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ കയ്യാങ്കളിയിലെത്തിയിട്ടു പോലും ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കാൻ ആരും ഇത് വരെ തയ്യാറായിട്ടില്ല. മഴ കനത്താൽ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ നടത്തുന്ന ചില്ലറ അറ്റകുറ്റപണിയിൽ ഒതുങ്ങുന്നതാണ് വിഷയത്തിൽ നഗരസഭയുടെ ഇടപെടൽ. 

അതേസമയം, വെള്ളക്കെട്ട് വിഷയത്തില്‍ നഗരസഭയെ ന്യായീകരിച്ച് കൊച്ചി മേയർ സൌമിനി ജെയ്ൻ രംഗത്തെത്തി. വെള്ളക്കെട്ട് പ്രശ്നത്തിൽ കോർപ്പറേഷനെ പഴിക്കുന്നതിൽ അർഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയർ സൗമിനി ജെയ്ൻ പറഞ്ഞു. വെള്ളക്കെട്ടിന്റെ പഴി ഉദ്യോഗസ്ഥരിൽ ചുമത്തിയ മേയർ ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമമായി ഇടപെടേണ്ടത് ആയിരുന്നുവെന്നും കുറ്റപ്പെടുത്തി. ഇപ്പോൾ നഗരത്തിൽ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥർ ആണെന്നായിരുന്നു സൗമിനി ജെയിന്‍റെ വിമർശനം.

click me!