വെടിയുണ്ട സി ജെ റോയിയുടെ ശ്വാസകോശവും ഹൃദയവും തുളച്ചുകയറി.  നെഞ്ചിനു നേരെ തോക്കു ചൂണ്ടി വെടിയുതിർത്തതായിരിക്കാം എന്നതാണ് പ്രാഥമിക അനുമാനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പിന്നീട് പുറത്തുവരും.

ബെംഗളൂരു: വ്യവസായ പ്രമുഖനും കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ സി ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട റോയിയുടെ ഇടത് നെഞ്ച് തക‍ർത്ത് പിൻഭാഗത്ത് കൂടി കടന്നുപോയതായാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ട ശ്വാസകോശവും ഹൃദയവും തുളച്ചുകയറി. 6.35 മില്ലീമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് കണ്ടെത്തിയത്. നെഞ്ചിനു നേരെ തോക്കു ചൂണ്ടി വെടിയുതിർത്തതായിരിക്കാം എന്നതാണ് പ്രാഥമിക അനുമാനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പിന്നീട് പുറത്തുവരും. റോയിയുടെ ഉടമസ്ഥതയിലുള്ള ബന്നാർഗട്ടയിലെ നേച്ചർ കോൺഫിഡന്‍റ് കാസ്കേഡിൽ നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പൊതുദർശനം. നാളെ വൈകിട്ട് നാലിന് ബന്നാർഗട്ടയിൽ സംസ്കാരം നടക്കും.

സിജെ റോയിയുടെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കർണാടക സർക്കാർ രൂപീകരിച്ചു. ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നടത്തിയ സമ്മർദ്ദമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകിയതിന് പിന്നാലെയാണ്, നിർണായക നീക്കം. ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സൗത്ത്, സെൻട്രൽ ഡിസിപിമാരും രണ്ട് എസിപിമാരും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത അശോക് നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും സംഘത്തിലുണ്ട്. റോയിയുടെ ഡയറിയും രണ്ട് മൊബൈൽ ഫോണുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങളും കോൺഫിഡന്റ് ഗ്രൂപ്പും ആരോപണം കടുപ്പിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ഹലസൂരിലെ ഹോട്ടലിലെത്തി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ സഹാദരൻ സി ജെ ബാബുവിന്റെ മൊഴിയും അശോക് നഗർ പൊലീസ് എടുത്തു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ നിരന്തര സമ്മർദമാണ് തന്റെ സഹോദരന്റെ മരണത്തിന് കാരണമെന്നാണ് ബാബു അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.

കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനൊടുക്കുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചന അദ്ദേഹം നൽകിയിരുന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഐടി ഉദ്യോഗസ്ഥർ ചോദ്യംചെയ്തതിന് പിന്നാലെ ഇന്നലെ അമ്മയോട് സംസാരിക്കണം എന്ന് വ്യക്തമാക്കിയാണ് റോയ് ഓഫീസിലെ സ്വന്തം മുറിയിൽ കയറി വാതിൽ അടച്ചത്. എന്നാൽ അമ്മയോട് സംസാരിച്ചിരുന്നോ എന്ന് വ്യക്തമല്ല. ഇതിലും അന്വേഷണസംഘം വ്യക്തത തേടി.

വെടിയുതിർത്തത് സൈലൻസർ ഘടിപ്പിച്ച തോക്ക് ഉപയോഗിച്ച്

മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടതിന് ശേഷം ലൈസൻസ് ഉള്ള സൈലൻസർ ഘടിപ്പിച്ച തോക്ക് ഉപയോഗിച്ചാണ് റോയി വെടിയുതിർത്തതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വെടിയുണ്ട പരിശോധനയ്ക്കായി ശേഖരിച്ചു. റോയിയുടെ രണ്ടു ഫോണുകളും ഡയറിയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഫോണുകൾ ലോക്ക് ചെയ്ത നിലയിൽ ആയതിനാൽ കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷമേ പരിശോധനയ്ക്ക് വിധേയമാക്കാൻ പറ്റൂ. അനുമതി കിട്ടിയാൽ മൂന്നു മാസം മുൻപ് വരെയുള്ള വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. റോയിയുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കാനുള്ള നടപടി തുടങ്ങി.

ഇതിനിടെ കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. നടന്ന സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള മൂന്നു പേജുള്ള റിപ്പോർട്ടാണ് കൈമാറിയിരിക്കുന്നത്. അന്വേഷണമായി സഹകരിക്കാനാണ് ഇവർക്ക് മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം. കുടുംബം ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളതിനാൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.

YouTube video player