
കൊച്ചി: എംജി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. എംജി റോഡിലെ കാനകൾ വൃത്തിയാക്കാൻ തുടങ്ങി. കാനയിലേക്ക് ഹോട്ടൽ മാലിന്യങ്ങൾ തള്ളിയതിനാൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. നെയ്യ്, ഡാൽഡ തുടങ്ങിയ ഖരമാലിന്യങ്ങൾ കെട്ടിക്കിടന്നതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് കണ്ടെത്തൽ. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം എംജി റോഡിലെ ഹോട്ടലുകൾ അടച്ചുപൂട്ടാൻ കോർപ്പറേഷൻ ഉത്തരവിട്ടിരുന്നു. പ്ലാന്റ് സ്ഥാപിച്ച ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ എന്ന കർശന നിർദേശത്തോടെയാണ് അഞ്ച് ഹോട്ടലുകൾ കോർപ്പറേഷൻ പൂട്ടിയത്. അതേസമയം നടപടി തിടുക്കത്തിലായി എന്ന വിമർശനവുമായി ഹോട്ടലുടമകൾ രംഗത്തെത്തിയിട്ടുണ്ട്. മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ഒരുക്കമാണെങ്കിലും അതുവരെ ഹോട്ടൽ അടച്ചിടാൻ നിർദേശിച്ചതിനെയാണ് ഹോട്ടലുടമകൾ വിമർശിക്കുന്നത്. ഇതിനിടെ, വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ കോർപ്പറേഷൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. വ്യാപാര സ്ഥാപനങ്ങളിലും, വീടുകളിലും വെളളം കയറുവാനുളള സാധ്യത മുന്നില്‍ക്കണ്ട് വെളളം പമ്പ് ചെയ്ത് കളയാൻ മോട്ടോറുകളും സജ്ജമാക്കിയിട്ടുണ്ട്.
കൊച്ചിയിലെ വെള്ളക്കെട്ട് ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് ഹൈക്കോടതി കര്‍ശന നിർദ്ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഒരാഴ്ചക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നായിരുന്നു നിര്‍ദ്ദേശം. ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാൻ ഇടപെടൽ നടത്തണം, ഇത്തരം നടപടി ഉണ്ടായാൽ കർശന നടപടി സ്വീകരിക്കണം... ഇതായിരുന്നു കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങൾ. സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഈ മാസം 11ന് റിപ്പോർട്ട് നൽകാനും കൊച്ചി കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു മണിക്കൂറിലേറെ പെയ്ത മഴയിൽ എംജി റോഡിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെട്ടത്.