
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ എറണാകുളത്തെ ഡിപ്പോയിൽ പതിവ് പോലെ വെള്ളം കയറി. ഓഫീസിന് അകത്തേക്ക് വരെ വെള്ളം ഇരച്ചു കയറിയെത്തിയത് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി.
ഇതിനിടെ ഓഫീസിൽ വെള്ളം കയറി കുടുങ്ങിയ ജീവനക്കാര്‍ വഞ്ചിപ്പാട്ട് അനുകരിച്ച് നടത്തിയ വീഡിയോ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വൈറലായി. എറണാകുളം ഡിപ്പോ മാനേജർ സുരേഷ് അടക്കമുള്ള ജീവനക്കാർ ആണ് ഓഫീസിലെ മേശപ്പുറത്തിരുന്ന് വഞ്ചിപ്പാട്ട് അനുകരിച്ചത്.
കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിലായതോടെ മധ്യകേരളത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്ദിയും ശബരിയും അടക്കമുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.
കൊച്ചി ഡി ക്യാബിന് സമീപം ട്രാക്കിൽ വെള്ളം കയറിയതോടെ എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകൾക്ക് സമീപം സിഗ്നലിംഗ് സംവിധാനം കേടായതാണ് തീവണ്ടി ഗതാഗതം വൈകാൻ കാരണമായത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച അതിതീവ്രമഴയിൽ കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളം കയറി. 2018-ലെ പ്രളയത്തിൽ വെള്ളം കയറാത്ത ചില പ്രദേശങ്ങളിൽ പോലും ഇക്കുറി വെള്ളപ്പൊക്കമുണ്ടായി.