ദുരിതാശ്വാസ ധനസഹായം ലഭിക്കാന്‍ എവിടെ അപേക്ഷിക്കണം? മുഖ്യമന്ത്രി പറയുന്നു

By Web TeamFirst Published Aug 25, 2019, 2:25 PM IST
Highlights

അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാകും ധനസഹായം വിതരണം ചെയ്യുക. ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വ്വെയില്‍ ഉള്‍പ്പടാതെ പോയാല്‍ അവര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം

തിരുവനന്തപുരം: ദുരിതാശ്വാസ ധനസഹായം ലഭിക്കാനായി ആരും അപേക്ഷ നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ-പഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വേ നടത്തി ധനസഹായത്തിന് അര്‍ഹത ഉള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.  

നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാന്‍ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്ന ചോദ്യം പലരും ഉന്നയിച്ചതോടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി മറുപടി നല്‍കിയത്. അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാകും ധനസഹായം വിതരണം ചെയ്യുക.

ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വ്വെയില്‍ ഉള്‍പ്പടാതെ പോയാല്‍ അവര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം. വെള്ളപ്പേപ്പറില്‍ അപേക്ഷ എഴുതി നല്‍കുകയേ വേണ്ടൂ, തഹസില്‍ദാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന ക്ലെയിം അതാത് പഞ്ചായത്ത് വാര്‍ഡിലെ സര്‍വേ ടീമിന് നല്‍കും.

അവര്‍ സര്‍വേ നടത്തിയ ശേഷമാകും തീരുമാനമെടുക്കുക. സെപ്റ്റംബര്‍ ഏഴിനകം അടിയന്തര ധനസഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനകളാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 

click me!