
മലപ്പുറം:വയനാട്ടിൽ പ്രിയങ്ക നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ആശങ്ക വോട്ടിംഗ് ശതമാനത്തിലാണെന്നും പിവി അൻവര്‍ എംഎല്‍എ പറഞ്ഞു. ഒതായിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവര്‍. പോളിങ് ശതമാനം കുറയാൻ സാധ്യതയുണ്ടെന്ന് സുധാകരേട്ടനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ കോണ്‍ഗ്രസ് ഇക്കാര്യം മുൻകൂട്ടി കണ്ടില്ലെന്നും പിവി അൻവര്‍ പറഞ്ഞു. ആളുകള്‍ വോട്ട് ചെയ്യാൻ വരാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ മൂന്നു ദിവസം മുമ്പ് കെപിസിസി പ്രസിഡന്‍റിനെ അറിയിച്ചതാണ്.
വോട്ടിങ് ശതമാനം കൂടാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാൽ, അത് ശരിയായി ഉപയോഗപ്പെടുത്തിയില്ല. നല്ല രീതിയിൽ പോളിങ് നടന്നിരുന്നെങ്കില്‍ പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ചു ലക്ഷമൊക്കെ ഉണ്ടാകുമായിരുന്നു.വയനാട് മണ്ഡലത്തിൽ പോളിംഗ് കുറയാനുണ്ടായ സാഹചര്യം കോണ്‍ഗ്രസ് മനസിലാക്കിയില്ല. ചേലക്കരയിൽ ഡിഎംകെ സ്ഥാനാര്‍ത്ഥി നല്ല മുന്നേറ്റമുണ്ടാക്കും. ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
പൊതുവെ വോട്ടിങ് ശതമാനം കുറവാണ്. ഉപതെരഞ്ഞെടുപ്പ് ആയതിനാലാകും. അത് മുൻകൂട്ടി കാണേണ്ടതായിരുന്നു കോണ്‍ഗ്രസെന്നും ചേലക്കരയിൽ 20000ത്തിലധികം വോട്ടുകള്‍ ഡിഎംകെയ്ക്ക് കിട്ടുമെന്നും നല്ല അടിയൊഴുക്കുണ്ടെന്നും പിവി അൻവര്‍ പറഞ്ഞു. പാലക്കാട് യുഡിഎഫ് നിലപാട് മാന്യമല്ല.
മത്സരത്തിൽ നിന്ന് പിൻവലിഞ്ഞ ഡിഎംകെ സ്ഥാനാര്‍ത്ഥി മിൻഹാജിനോട് സംസാരിക്കാൻ പോലും യുഡിഎഫ് തയ്യാറായില്ലെന്നും പിവി അൻവര്‍ പറഞ്ഞു. ഇപി ജയരാജൻ പിണറായി വിജയനെ പോലെയല്ലെന്നും തറവാടിത്തം ഉള്ള വ്യക്തിയാണെന്നും തന്നെക്കുറിച്ച് അങ്ങനെ പറയില്ലെന്നും പിവി അൻവര്‍ പറഞ്ഞു. ഇപിയുടെ പുസ്തക വിവാദത്തിന്ന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പിവി അൻവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam