ജനം വിധിയെഴുതി, വോട്ടെടുപ്പ് പൂര്‍ത്തിയായി; ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു

Published : Nov 13, 2024, 06:55 PM ISTUpdated : Nov 13, 2024, 10:27 PM IST
ജനം വിധിയെഴുതി, വോട്ടെടുപ്പ് പൂര്‍ത്തിയായി; ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു

Synopsis

വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. രാത്രി എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം ചേലക്കരയിൽ 72.77  ശതമാനവും വയനാട്ടിൽ 64.72ശതമാനവുമാണ് പോളിങ്.

തൃശൂര്‍/വയനാട്:വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. വയനാട്ടിൽ പോളിങ് ശതമാനം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു. ഒടുവിൽ ലഭിക്കുന്ന കണക്ക് പ്രകാരം വയനാട്ടിൽ 64.72% ആണ് പോളിങ്. ചേലക്കരയിൽ രാത്രി എട്ടുമണി വരെയുള്ള കണക്ക് അനുസരിച്ച് 72.77 ശതമാനം ആണ് പോളിങ്. ചേലക്കര മണ്ഡലത്തിൽ വോട്ടിംഗ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചുരുക്കം ബൂത്തുകളിൽ രാവിലെ വോട്ടിങ് യന്ത്രം തകരാറിലായതു മൂലം
പോളിങ് കുറച്ച് സമയം തടസപ്പെട്ടു.

വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല.  ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം  മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356  വോട്ടുകളാണ് ചേലക്കരയിൽ ഇത്തവണ പോള്‍ ചെയ്തത്.  

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായതിനേക്കാൾ മികച്ച പോളിംഗ് ശതമാനം ചേലക്കരയിലുണ്ടായതിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. വയനാട്ടിൽ വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് പോളിങ് ബൂത്തിലെ വിവിപാറ്റ് യന്ത്രം തകരാറിലായെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടിങ് തുടര്‍ന്നു. സുല്‍ത്താൻ ബത്തേരി വാകേരി എച്ച്എസിലെ വിവിപാറ്റ് യന്ത്രമാണ് തകരാറിലായത്.

വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡ‍ിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം  കുറഞ്ഞിട്ടില്ലെന്നും എന്‍ഡിഎ, എൽഡിഎഫ് കേന്ദ്രങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.

വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളാണ് കുറഞ്ഞതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് പറഞ്ഞു. രാഹുൽ ഗാന്ധി അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആയതിനാൽ ജനം വോട്ട് ചെയ്യാൻ വിമുഖത കാട്ടി. എന്‍ഡിഎയുടെ വോട്ട് കൂട്ടുമെന്നും നവ്യ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

വയനാടിന്‍റെ പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധി കൃത്യമായി ഇടപെട്ടില്ലെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മോകേരി പറഞ്ഞു. അഞ്ച് വർഷക്കാലം എന്ത് ചെയ്തു എന്ന് ചോദിച്ചിട്ട് മറുപടി ഉണ്ടായില്ല. രാഷ്ട്രീയ വിഷയങ്ങൾ പറയാതെ വൈകാരിക തലം ഉണ്ടാക്കി വോട്ട് പിടിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കപ്പയും ചമ്മന്തിയും കഴിക്കുന്നു എന്നും പ്രചരണം നടത്തി. വയനാട് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ രാഹുൽ രണ്ട് സീറ്റിൽ മത്സരിക്കുന്നത് മറച്ചുവെച്ചു.  

ജനവഞ്ചനയാണ് രാഹുൽ ചെയ്തത്. ഇതൊക്കെ എൽഡിഎഫ് മണ്ഡലത്തിൽ ചർച്ചയാക്കി. ബി ജെ പി ക്കെതിരെ ഒരു അക്ഷരം പറഞ്ഞില്ല. ദുർബലനായ സ്ഥാനാർത്ഥി എന്ന് വരെ എന്ന് ചിലർ വിളിച്ചു. പണമില്ലാത്തത് കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചത്. ഇതൊക്കെ തെരഞ്ഞെടപ്പിൽ പ്രതിഫലിച്ചു. 2014 ലെ പാറ്റേണിലെ മത്സരം ആവർത്തിക്കും. എത്ര വോട്ടിന് ജയിക്കുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സത്യൻ മോകേരി പറഞ്ഞു. ഉത്തരേന്ത്യൻ മോഡലിൽ തെരഞ്ഞെടുപ്പ് നടത്തി വിജയിക്കാമെന്ന കോൺഗ്രസ് മോഹത്തിന് തിരിച്ചടി ഏറ്റുവെന്ന് സിപിഎം നേതാവ് സി കെ ശശീന്ദ്രൻ പറഞ്ഞു.

വയനാട്ടിൽ പോളിം​ഗ് മന്ദ​ഗതിയിൽ; കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും, ദുരന്തബാധിതർക്കെത്താൻ കൂടുതൽ ക്രമീകരണങ്ങൾ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും
ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ; പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നാവശ്യം