തെറ്റിദ്ധരിപ്പിച്ച് ബിജെപിയുടെ ഫോട്ടോ പ്രചാരണം; സ്പര്‍ദ്ധ വളര്‍ത്തുന്ന കമന്റുകള്‍ക്കെതിരെ നടപടിയെന്ന് വയനാട് കളക്ടര്‍

By Web TeamFirst Published Jan 9, 2020, 2:13 PM IST
Highlights

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ലഘുലേഖ ഏറ്റുവാങ്ങുന്ന തന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങണമെന്നും സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ കമന്‍റുകളിടുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍

വയനാട്: പൗരത്വ നിയമ ഭേദഗതി പ്രചാരണ പരിപാടിക്ക് ബിജെപി തന്റെ ചിത്രം ഉപയോഗിക്കുകയും മോശം കമന്‍റിടുകയും ചെയ്യുന്നവര്‍ക്കെതിരെ വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ലഘുലേഖ ഏറ്റുവാങ്ങുന്ന തന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങണമെന്നും സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ കമന്‍റുകളിടുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.  

7/1/2020 ന് വൈകിട്ട് പൌരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണകുറിപ്പ് അ‍ടങ്ങിയ ലഘുലേഖയുമായി ബി ജെ പിയുടെ ഭാരവാഹികള്‍ അടങ്ങുന്ന പ്രവര്‍ത്തകര്‍ വയനാട് ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എന്നെ സന്ദര്‍ശിക്കുകയും അവര്‍ പ്രസ്തുത ലഘുലേഖ കൈമാറുന്ന ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാല്‍ ആ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയും, തുടര്‍ന്ന് വളരെ വിഭിന്നവും, തെറ്റിദ്ധരിപ്പിക്കുന്നതും, അപമാനിക്കുന്നതുമായ കമന്റുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുന്നു.

ഒരു ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ആര്‍ക്കും സന്ദര്‍ശിക്കാവുന്നതും, തങ്ങളുടെ പരാതികള്‍, അഭിപ്രായങ്ങള്‍ എന്നിവ അറിയിക്കാവുന്നതുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങളെ സമുഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന തരത്തില്‍ വ്യാഖ്യാനിച്ച് , സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കമന്റുകള്‍ നല്കുന്നത് അനുവദനീയമല്ല. ഇത്തരത്തില്‍ തെറ്റായ, സ്പര്‍ദ്ധ വളര്‍ത്തുന്ന കമന്റുകള്‍ നല്കുന്നവര്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
വയനാടിന് ഒപ്പം നില്കുന്നതിന് നന്ദി- കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖ വയനാട് ജില്ലാ കലക്ടർ ഏറ്റുവാങ്ങിയെന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളിൽ രാഷ്ട്രീയ പ്രചരണം നടന്നിരുന്നു. ഇതിനെതിരെ കളക്ടര്‍ തന്നെ നേരത്തെ രംഗത്ത് വന്നു. ലഘുലേഖയിൽ പറയുന്ന കാര്യങ്ങളോട് ഒട്ടും യോജിപ്പില്ലെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള ഐ.എ.എസ് വ്യക്തമാക്കി. ദുഷ്പ്രചരണങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രാദേശിക ബി.ജെ.പി നേതാക്കൾ ആണ് കളക്ടറുടെ ക്യാമ്പ് ഹൗസിൽ എത്തി ലഘുലേഖ നൽകി ഫോട്ടോയെടുത്തു പ്രചരിപ്പിച്ചത്. 

click me!