വയനാട്ടില്‍ പ്രളയസഹായ വിതരണം എങ്ങുമെത്തിയില്ല: ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടല്‍

By Web TeamFirst Published Sep 26, 2019, 6:34 AM IST
Highlights

ധനസഹായവിതരണം വ്യാഴാഴ്ച വൈകുന്നേരത്തിനകം പൂർത്തിയാക്കാന്‍ നിർദേശം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി

കല്‍പ്പറ്റ: വയനാട്ടിലെ പ്രളയബാധിതർക്കുള്ള ധനസഹായ വിതരണം അടിയന്തരമായി പൂർത്തിയാക്കാന്‍ ഉദ്യോഗസ്ഥർക്ക് കളക്ടറുടെ കർശന നിർദേശം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെതുടർന്നാണ് ജില്ലാകളക്ടറുടെ ഇടപെടല്‍. ധനസഹായ വിതരണത്തിനായുളള സോഫ്റ്റ്-വെയറിലെ തകരാറാണ് നടപടികള്‍ വൈകാന്‍ കാരണമായതെന്നാണ് വിശദീകരണം. ജില്ലയില്‍ ആകെയുള്ളതില്‍ നാലിലൊന്ന് പ്രളയബാധിതർക്ക് മാത്രമേ ഇതുവരെ ആദ്യഘട്ട ധനസഹായമായ പതിനായിരംരൂപപോലും വിതരണം ചെയ്തിട്ടുള്ളൂ.

പുത്തുലമയിലടക്കം വയനാട് ജില്ലയില്‍ സർവതും നശിച്ച ഭൂരിഭാഗം പ്രളയബാധിതർക്കും ആദ്യഘട്ട സർക്കാർ ധനസഹായമായ 10,000 രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കളക്ടറുടെ ഇടപെടല്‍. ജില്ലയിലെ മുഴുവന്‍ പ്രളയബാധിതർക്കുമുള്ള അടിയന്തര ധനസഹായ വിതരണം ഉടന്‍ പൂർത്തിയാക്കാന്‍ ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നല്‍കി. കൂടുതല്‍ പ്രളബാധിതരുള്ള വൈത്തിരി മാനന്തവാടി താലൂക്കുകളില്‍ ധനസഹായ വിതരണത്തിന്‍റെ ചുമതല ഡെപ്യൂട്ടികളക്ടർമാക്ക് നല്‍കി.

ആകെ 10,008 പേർക്കാണ് ജില്ലയില്‍ സർക്കാരിന്‍റെ ധനസഹായം വിതരണം ചെയ്യേണ്ടത്. എന്നാല്‍ ഇതുവരെ വിതരണം ചെയ്തത് 2439 പേർക്ക്മാത്രം. കഴിഞ്ഞ വർഷത്തേതില്‍നിന്നും വ്യത്യസ്തമായി ഇത്തവണ സംസ്ഥാനതലത്തിലാണ് പ്രളയ ധനസഹായ വിതരണം. സംസ്ഥാനത്തെ മുഴുവന്‍ പ്രളബാധിതരുടെയും വിവരങ്ങള്‍ ചേർക്കാനുള്ള സോഫ്റ്റ് വെയറിന്‍റെ സാങ്കേതിക തകരാറാണ് നടപടികള്‍ ഇത്രയും വൈകാന്‍ കാരണമായതെന്നാണ് ഉദ്യോഗസ്ഥർ കളക്ടർക്ക് നല്‍കിയ വിശദീകരണം. 

ഈ സാഹചര്യത്തില്‍ കഴിഞ്ഞ വർഷത്തെപോലെ ധനസഹായ വിതരണം ജില്ലാ അടിസ്ഥാനത്തിലാക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കുമെന്നും. സോഫ്റ്റ്വെയറിന്‍റെ സാങ്കേതിക തകരാറുകള്‍ ഐടി മിഷന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്നും കളക്ടർ അറിയിച്ചു.

click me!