വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പുനരധിവാസ പട്ടികയിൽ ഉള്‍പ്പെടുത്തി; കച്ചവടക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനമെന്ന് മന്ത്രി

Published : Jul 30, 2025, 02:54 PM IST
kelala wayanad

Synopsis

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സാങ്കേതികത്വത്തിന്‍റെ പേരിൽ പുറത്തായ 49 പേരെ കൂടി പട്ടികയിൽ ഉള്‍പ്പെടുത്താൻ തീരുമാനിച്ചത്

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തം ബാധിച്ച 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തിൽ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി.വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സാങ്കേതികത്വത്തിന്‍റെ പേരിൽ പുറത്തായ 49 പേരെ കൂടി പട്ടികയിൽ ഉള്‍പ്പെടുത്താൻ തീരുമാനിച്ചത്  

ഇതിന് പുറമെ തുടർ ചികിത്സ വേണ്ടവരുടെ ചികിത്സയ്ക്കുള്ള പണം ഡിസംബർ 31 വരെ അനുവദിക്കാനും ഈ യിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 6 കോടി രൂപ അനുവദിച്ചും തീരുമാനമായി. ദുരന്തത്തിന്‍റെ ഒന്നാം വാർഷികദിനമായ ബുധനാഴ്ച മേപ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കവേ റവന്യു മന്ത്രി കെ രാജനാണ് ഇതറിയിച്ചത്. ഇതോടെ ആകെ പുനരധിവാസ പട്ടികയിൽ ഉള്ള ഗുണഭോക്താക്കളുടെ എണ്ണം 451 ആയി. നേരത്തെ 402 പേർക്ക് എൽസ്റ്റണിലെ ടൗൺഷിപ്പിൽ വീട് അനുവദിച്ചിരുന്നു. വ്യാപാരികൾക്ക് സംഭവിച്ച നഷ്ട പരിഹാരത്തിന്റെ കണക്ക് ജില്ലാ ഭരണകൂടവും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട സമിതി തിട്ടപ്പെടുത്തും.

ദുരന്തത്തിന്‍റെ സ്മാരകം പുത്തുമല ഹൃദയഭൂമിയിൽ നിർമ്മിക്കും. ഇതിന് 99.93 ലക്ഷം രൂപ അനുവദിച്ചു. ഓണത്തിന് മുമ്പ് നിർമാണം തുടങ്ങും. വീടിനായുള്ള ഗുണഭോക്തൃ പട്ടികയിൽ അപേക്ഷ നൽകിയവരിൽ 100 ലേറെ പേരുടെ ഹിയറിങ്ങ് കഴിഞ്ഞെന്നും ഇനി പരിശോധന കൂടി നടത്തിയശേഷം അർഹതപ്പെട്ടവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പട്ടികപ്രകാരം ഉൾപ്പെടുത്തുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേർത്തു. ഉൾപ്പെടാൻ കഴിയാത്തവരെ ദുരന്ത അതിജീവിതർക്കുള്ള മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും. ഫീൽഡ് തല പരിശോധന ഓഗസ്റ്റ് മാസം തന്നെ തുടങ്ങും.

ദുരന്തമേഖലയിലെ ആദിവാസി വിഭാഗത്തിന്‍റെ പുനരധിവാസത്തിനായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല പുതിയ വില്ലേജില്‍ സർക്കാർ കണ്ടെത്തിയ അഞ്ച് ഹെക്ടര്‍ ഭൂമിയുടെ ആർ ഒ ആർ (റെക്കോർഡ് ഓഫ് റൈറ്സ്) ലഭ്യമാക്കാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. 13 കുടുംബങ്ങൾക്കാണ് ഇവിടെ വീടുകൾ ഉയരുക. പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളും ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ച് കുടുംബങ്ങളും പുതിയ വില്ലേജിലെ മൂന്ന് കുടുംബങ്ങളുമാണ് സെറ്റില്‍മെന്റിന്റെ ഭാഗമാകുന്നത്. ഓരോ കുടുംബത്തിനും വീടും 10 സെന്റ് ഭൂമിയും നൽകും.

കനത്ത മഴ തടസ്സം സൃഷ്ടിച്ചില്ലെങ്കിൽ ഈ വരുന്ന ഡിസംബർ 31 ആകുമ്പോഴേക്കും ടൗൺഷിപ്പിൽ മുഴുവൻ വീടുകളും പൂർത്തിയാക്കാൻ സാധിക്കുമെന്ന് മന്ത്രി രാജൻ ഉറപ്പ് നൽകി. വെറും മൂന്നര മാസം കൊണ്ടാണ് മാതൃക വീട് പൂർത്തീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ 4 ന് സർക്കാർ എൽസ്റ്റണിലെ ഭൂമി ഏറ്റെടുത്തെങ്കിലും ഉടമകൾ കോടതിയെ സമീപിച്ചതിനാൽ ഈ വർഷം ഏപ്രിൽ 13 ന് മാത്രമാണ് നിർമാണം തുടങ്ങാൻ സാധിച്ചത്.

ഏത് തരത്തിലുള്ള സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാകും വിധമുള്ള, അതിജീവിതരെ ചേർത്തുപിടിച്ചുള്ള സമഗ്ര പുനരധിവാസ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുറവുകൾ ഉണ്ടാകാം. അതെല്ലാം ചർച്ച ചെയ്യാം. എല്ലാം പരിഗണിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കേന്ദ്ര, സംസ്ഥാന സേനകൾ എത്തുന്നതിന് മുൻപ് അസാധ്യ രക്ഷാപ്രവർത്തനം നടത്തി നിരവധി ആളുകളുടെ ജീവൻ രക്ഷിച്ച് മറുകരയിൽ എത്തിച്ച പ്രദേശത്തെ ജനങ്ങളുടെ പ്രവർത്തനത്തെ അധ്യക്ഷ പ്രസംഗത്തിൽ റവന്യു മന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു.

പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു, ടി സിദ്ധിക്ക് എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സംഷാദ് മരക്കാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് തദ്ദേശ സ്ഥാപന ജനപ്രതിനികൾ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, സബ്ബ് കളക്ടർ മിസാൽ സാഗർ ഭരത്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, ഡോ. ജോയ് ഇളമൺ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മുൻ എംഎൽഎ സി കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി