
തിരുവനന്തപുരം: ദേശീയദുരന്തം എന്ന പേരിലല്ല, ആ പരിഗണനയിൽ സാധ്യമാകുന്നതൊക്കെ വയനാട്ടിൽ ലഭ്യമാക്കാൻ ഇടപെടലുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ ദുരന്തമായി പ്രഖ്യപിച്ചാല്‍ എന്തൊക്കെ ലഭിക്കുമോ അതെല്ലാം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന് അറിയില്ല. എന്നാല്‍, കേരളത്തിന്‍റെ ഏതാവശ്യത്തിനും കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് 'എൻ നാട് വയനാട്' ലൈവത്തോണില്‍ സുരേന്ദ്രൻ പറഞ്ഞു.
സമഗ്രമായ ഒരു പുനരധിവാസ പാക്കേജ് ഉണ്ടാകണം. കേന്ദ്ര, കേരള സര്‍ക്കാരുകൾ എന്താണ് ചെയ്യാൻ പദ്ധതി ഇടുന്നത് മനസിലാകേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യം വ്യക്തമാകും. പലയാളുകളും അവരുടെ വ്യക്തിപരമായ സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കേരളത്തിന്‍റെ ഒരു പ്രത്യേക അനുഭവമാണ്. എല്ലാവരും ചേര്‍ന്ന് നിന്നുകൊണ്ടാണ് ദുരന്തത്തെ നേരിടേണ്ടതെന്നുള്ള ഒരു സന്ദേശമാണ് ലോകത്തിന് മലയാളികൾ നല്‍കിയിട്ടുള്ളത്.
പുനരധിവാസത്തിന്‍റെ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് പരമാവധി സഹായം ലഭിക്കുന്നത് ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും. അതിരുകളില്ലാത്ത സഹായം ഇക്കാര്യത്തിലുണ്ടാകും. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയുമെല്ലാം ഇതിനായി നേരിട്ട് കാണും. പാര്‍ട്ടി എന്ന നിലയില്‍ പുനരധിവാസത്തിന് സഹായിക്കുന്ന ഒരു പാക്കേജ് ഉടൻ പ്രഖ്യാപിക്കും. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സമഗ്രമായ പാക്കേജ് തന്നെ ബിജെപി പ്രഖ്യാപിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam