
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഉള്‍പ്പെടെ എല്ലാം മറന്ന് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് നടി മഞ്ജു വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസ് എൻ നാട് വയനാട് ലൈവത്തോണിൽ പറഞ്ഞു.കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണി ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ മുണ്ടക്കൈ പ്രദേശത്തെ ഒരു വാര്‍ത്തയായിട്ടോ വയനാട്ടില്‍ സംഭവിച്ച ഒരു കാര്യമായിട്ടോ മാത്രമല്ല നമ്മള്‍ ഈ സംഭവത്തെ കാണുന്നത്.
നമ്മള്‍ കേരളത്തിന്‍റെ ഒന്നടങ്കം, മലയാളികളുടെ വേദനയായിട്ടാണ് ഈ ദുരന്തത്തെ കാണുന്നത്.നമ്മുടെ സ്വന്തം വീടുകളില്‍ സംഭവിച്ച നഷ്ടത്തിന്‍റെ അതേ വേദനയോടെയാണ് നമ്മള്‍ ഇതിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. വയനാടിനെ പുനര്‍നിര്‍മിക്കാനും ദുരന്തത്തില്‍ വീടും കുടുംബവും ജീവിത മാര്‍ഗവുമൊക്കെ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ ഒപ്പം അവരെ ആശ്വസിപ്പിക്കാൻ ഒന്നും നോക്കാതെ നമ്മള്‍ നില്‍ക്കുകയാണ് ഇനി വേണ്ടത്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒറ്റക്കെട്ടായി അവര്‍ക്കൊപ്പം നില്‍ക്കണം.
അതാണ് കേരളത്തിന്‍റെ ശീലവും. പല വലിയ പ്രതിസന്ധികള്‍ വന്നപ്പോഴും നമ്മള്‍ ഇത് കണ്ടതാണ്. മഹാപ്രളയം ഉള്‍പ്പെടെ വന്നപ്പോള്‍ മലയാളികള്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ചത് കണ്ടതാണ്. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കണ്ടുകൊണ്ട് പ്രതിസന്ധികളില്‍ ഒറ്റക്കെട്ടായി നിന്നാണ് മലയാളികളുടെ ശീലം. അതുകൊണ്ട് വയനാടിന്‍റെ കാര്യത്തിലും പ്രിയ സഹോദരങ്ങള്‍ക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam