വയനാട് മോഡൽ ടൗണ്‍ഷിപ്പ് ഭൂമി ഏറ്റെടുക്കലിൽ വീണ്ടും ആശയക്കുഴപ്പം; സര്‍ക്കാരിനെ വെട്ടിലാക്കി ഹൈക്കോടതി വിധി

Published : Dec 29, 2024, 06:54 AM IST
വയനാട് മോഡൽ ടൗണ്‍ഷിപ്പ് ഭൂമി ഏറ്റെടുക്കലിൽ വീണ്ടും ആശയക്കുഴപ്പം; സര്‍ക്കാരിനെ വെട്ടിലാക്കി ഹൈക്കോടതി വിധി

Synopsis

വയനാട്ടിലെ മോഡൽ ടൗൺഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലിൽ സര്‍ക്കാരിനെ കുരുക്കിലാക്കി ഹൈക്കോടതി വിധി.  തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകൾക്ക് സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്ന വ്യവസ്ഥ സമാനമായ കേസുകളിൽ ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം:വയനാട്ടിലെ മോഡൽ ടൗൺഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലിൽ സര്‍ക്കാരിനെ കുരുക്കിലാക്കി ഹൈക്കോടതി വിധി. തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകൾക്ക് സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്ന വ്യവസ്ഥ സമാനമായ കേസുകളിൽ ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ നല്‍കണമെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധരുടെ അഭിപ്രായം. പക്ഷെ അപ്പീൽ പോയാൽ വയനാട്ടിലെ പുനരധിവാസം വൈകുമെന്നതാണ് പ്രശ്നം. ഇതിനാൽ തന്നെ കോടതി വിധി വന്നെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം വീണ്ടും തുടരുകയാണ്.


മനുഷ്യന്‍റെ ഹൃദയം അറിഞ്ഞ വിധിയെന്നായിരുന്നു ഹൈക്കോടതിയോടുള്ള റവന്യു മന്ത്രിയുടെ പ്രതികരണം. എന്നാൽ, പ്രത്യക്ഷത്തിൽ ആശ്വാസമെന്ന് തോന്നുന്ന വിധിയിൽ ആശങ്കയും ഏറയെന്നാണ് വിലയിരുത്തൽ. വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പുകളുടെ നിര്‍മ്മാണത്തിന് നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടറും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് 78.73 ഹെക്ടറും ആണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഹൈക്കോടതി വിധിപ്രകാരം 2013 ലെ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമപ്രകാരം ഏറ്റെടുക്കലുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. 

നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം സര്‍ക്കാരിന് തീരുമാനിച്ച് തുക എസ്റ്റേറ്റ് ഉടമകൾക്ക് നൽകണം. തര്‍ക്കമുണ്ടെങ്കിൽ തോട്ടം ഉടമകൾക്ക് നിയമവഴി തേടാം. കാലതാമസം ഒഴിവാക്കി ടൗൺഷിപ്പ് നിര്‍മ്മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാൻ നിലവിലെ സാഹചര്യത്തിൽ കഴിയുമെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുക്കാത്തതിലാണ് ആശങ്ക. മാത്രമല്ല സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്ന് ഭൂമി കൈവശം വെച്ചവര്‍ ഉന്നയിച്ച ആവശ്യം കോടതി അതേ പടി അംഗീകരിച്ചിട്ടുമുണ്ട്.

കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലടക്കം ഹാരിസൺ അടക്കം വൻകിട എസ്റ്റേറ്റുകളുടെ തോട്ട ഭൂമി തിരിച്ചുപിടിക്കലിൽ സര്‍ക്കാർ നിയമപോരാട്ടങ്ങളിലാണ്. തോട്ടം ഭൂമി കൈവശം വെച്ചവര്‍ക്ക് അനുകൂലമായ തീരുമാനം തോട്ടഭൂമി ഏറ്റെടുക്കലിൽ ഭാവി കേസുകളെ കൂടി ബാധിക്കുന്നതാണെന്നാണ് നിയമവിദഗ്ധരിൽ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ വിധിക്കെതിരെ അപ്പീൽ പോകണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പക്ഷെ വീണ്ടും നിയമനടപടിയിലേക്ക് പോയാൽ വയനാട്ടിലെ ടൗഷിപ്പ് ഇനിയും നീളും.  തുടർ നടപടികളെ കുറിച്ച് തിരക്കിട്ട ആലോചനയിലാണ് റവന്യു വകുപ്പ്.

വയനാട് ടൗൺഷിപ്പ്; നിർണായക വിധിയുമായി ഹൈക്കോടതി; എസ്റ്റേറ്റ് ഭൂമികൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാം, ഹർജി തള്ളി

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം