
കല്‍പ്പറ്റ:വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ദൂരപരിധി മാനദണ്ഡം സർക്കാർ ഉത്തരവില്‍ കർശനമാക്കിയപ്പോള്‍ ദുരന്തഭൂമിയില്‍ പല വീടുകളും ഒറ്റപ്പെടുകയാണ്. പുന്നപുഴക്ക് മറുകരയുള്ള പുല്‍കുന്നില്‍ അഞ്ച് വീടുകളാണ് ഒറ്റപ്പെട്ട നിലയിലുള്ളത്. ഉരുള്‍പ്പൊട്ടലില്‍ വിള്ളല്‍ വീണ വീടുകളില്‍ എങ്ങനെ സമാധാനമായി കഴിയുമെന്നാണ് ദുരന്തബാധിതരുടെ സർക്കാരിനോടുള്ള ചോദ്യം. ഇത്തരത്തിൽ ഒറ്റപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ട പുൽക്കുന്നിലെ പ്രീതയടക്കമുള്ളവരുടെ ഈ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറഞ്ഞേതീരു.
പ്രീതയുടെ കണ്ണുകള്‍ക്ക് മുന്നില്‍ ഇപ്പോഴും മൃതദേഹങ്ങളാണ്. ചെവിയില്‍ പ്രാണരക്ഷാർത്ഥം നിലവിളിക്കുന്ന മനുഷ്യരുടെ ശബ്ദവും അലയടിക്കുന്നുണ്ട്. സ്നേഹിതരും നാട്ടുകാരും ദുരന്തത്തില്‍പ്പെട്ടപ്പോള്‍ പുന്നപ്പുഴക്ക് മറുകരയായ പുല്‍ക്കുന്നിലും പരിഭ്രാന്തിയായിരുന്നു. ഓടി പുഴക്കരയിലേക്ക് വന്നവർ ദുരന്തം കണ്ട് ഭയന്ന് തിരിഞ്ഞോടി. രാത്രി മുഴുവൻ വന്യമൃഗങ്ങളുള്ള മലയിലാണ് അഭയം തേടിയത്.
ദുരന്തമുണ്ടായ അന്ന് രാത്രിയില്‍ തന്നെയാണ് പ്രീതയുടെ വീട്ടില്‍ വിള്ളല്‍ വീണത്. ജീവൻ മാത്രം കൈയ്യിലെടുത്ത് ഓടിയ ആ വീട്ടില്‍ വീണ്ടും പ്രീതയെയും കുടംബത്തെയും താമസിക്കാൻ നിര്‍ബന്ധിതമാക്കുകയാണ് സർക്കാർ. കാരണം പുനരധിവസിപ്പിക്കുന്നവരുടെ പട്ടികയില്‍ അവരില്ല. അൻപത് മീറ്റർ ദൂരപരിധിക്കും മുകളിലാണെന്നും സുരക്ഷിതമേഖലയാണ് വീടെന്നുമാണ് ഉന്നയിക്കുന്ന സാങ്കേതികത്വം.
ഉരുള്‍പ്പൊട്ടലില്‍ പുല്‍കുന്ന് ഭാഗത്തെ വലിയൊരു ഭാഗവും ഇടിഞ്ഞുപോയിട്ടുണ്ട്. അഞ്ച് വീടുകള്‍ മാത്രമാണ് പുല്‍കുന്ന് മലയില്‍ പട്ടികയില്‍ ഉൾപ്പെടാതിരിക്കുന്നത്. ദുരന്തം നടമാടിയ ഭൂമിയില്‍ താമസിക്കാൻ ഇവിടെയുള്ള ആരും ആഗ്രഹിക്കുന്നില്ല. മനുഷ്യർ ഒന്ന് മാറി നിന്നപ്പോള്‍ പുല്‍കുന്ന് വന്യമൃഗങ്ങള്‍ ഏറ്റെടുത്തു. പ്രതീയുടെ വീടിന് മുറ്റത്തും പരിസരത്തുമെല്ലാം കാട്ടാന ഇറങ്ങി കാർഷിക വിളകള്‍ തകർത്തു.
ഇത്രയും അരക്ഷിതമായ സ്ഥലത്താണ് ഉത്തരവിലെ മാനദണ്ഡപ്രകാരം ഈ മനുഷ്യരെല്ലാം തുടർന്നും താമസിക്കേണ്ടത് എന്നതാണ് അതിശയകരം. ഉരുള്‍പൊട്ടലിനുശേഷം വഴിപോലുമില്ലാത്ത ഈ സ്ഥലത്ത് ഇനിയുള്ള കാലം കഴിച്ചുകൂട്ടണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ് പ്രീതയടക്കമുള്ളവര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam