
വയനാട്: ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് മേപ്പാടി സ്കൂളിൽ താൽക്കാലിക പഠനത്തിന് വഴിയൊരുങ്ങുന്നു. 20 ദിവസത്തിനുള്ളിൽ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ദുരിതബാധിതര്‍ക്കായി സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിന്റെ ഭാഗമായാവും പുതിയ സ്കൂൾ നിർമ്മിക്കുക.
മലവെള്ളപ്പാച്ചിലിൽ അപ്പാടെ തകർന്നത് രണ്ട് സ്കൂളുകളാണ്. വെള്ളമല വൊക്കേഷൻ ഹയർ സെക്കൻഡറിയും മുണ്ടക്കൈ എൽ പി സ്കൂളും. രണ്ട് സ്കൂളുകളിലുമായി 600 അധികം കുട്ടികൾ പഠിക്കുന്നുണ്ട്. 15 കിലോ മീറ്ററോളം ദൂരത്തുള്ള മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു ഭാഗം രണ്ട് സ്കൂളുകൾക്കുമായി പകുത്തു നൽകാനാണ് നിലവിലെ ധാരണ. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും വൈകാതെ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഇതിന് മുന്നോടിയായി മേപ്പാടി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മാറണം. ടൗൺഷിപ്പ് പദ്ധതിയുടെ രൂപരേഖ ആകുമ്പോഴേക്കും പുതിയ സ്കൂൾ എവിടെയെന്നും തീരുമാനിക്കും. ക്യാമ്പുകളിൽ ഉൾപ്പെടെ കഴിയുന്ന കുട്ടികളെ താൽക്കാലിക സ്കൂളിലേക്ക് എത്തിക്കാൻ കെഎസ്ആർടിസിയുടെ സഹായം തേടും. അതേസമയം, സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് വയനാട്ടിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യും.