
തിരുവനന്തപുരം:വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണമെന്നും വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്.
കണ്ണൂരില്‍ നിന്നുള്ള ടീമും പുറപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും അയയ്ക്കുന്നതാണ്. നഴ്‌സുമാരേയും അധികമായി നിയോഗിക്കണം. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുള്‍പൊട്ടലിന്‍റെ സാഹചര്യത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അധികമായി എത്തിക്കും. മലയോര മേഖലയില്‍ ഓടാന്‍ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി.
ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആവശ്യമെങ്കില്‍ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കും. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കും. ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഉരുള്‍പൊട്ടല്‍ ദുരന്തം; ഹാരിസൺ പ്ലാന്‍റേഷൻ ബംഗ്ലാവിൽ 700പേർ കുടുങ്ങികിടക്കുന്നു, ചൂരൽമലയിൽ കൺട്രോൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam