
കല്‍പ്പറ്റ: കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ കല്‍പ്പറ്റയില്‍ അവകാശവാദമുന്നയിക്കാൻ സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ സമ്മർദവുമായി വയനാട് മുസ്ലീംലീഗ്. നിയോജകമണ്ഡലം കമ്മിറ്റിയിലും വയനാട് ജില്ലാ കമ്മിറ്റിയിലും ടി സിദ്ദീഖ് പ്രതിനിധീകരിക്കുന്ന മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നു. എന്നാല്‍, യുഡിഎഫില്‍ സീറ്റ് വിഷയം ഉന്നയിക്കുന്നതില്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് ആയിരിക്കും നിർണായകം.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയാണ് ലീഗിന്‍റെ വിജയ നിരക്ക്. ഈ സാഹചര്യത്തിലാണ് കല്‍പ്പറ്റ നിയമസഭ മണ്ഡലം ലീഗിന് വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്നത്. ഇന്നലെ ചേർന്ന കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയിലും അതിന് ശേഷം ചേർന്ന ജില്ല കമ്മിറ്റിയിലും മണ്ഡലം ഏറ്റെടുക്കമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ജില്ലയിലെ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുമ്പിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിയമസഭ സീറ്റുകളില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ ചില സീറ്റുകള്‍ വെച്ച് മാറുന്നത് സംബന്ധിച്ചടക്കം യുഡിഎഫില്‍ ചർച്ച നടക്കാനിരിക്കെയാണ് കല്‍പ്പറ്റ സീറ്റിനായി ആവശ്യം ഉയരുന്നതെന്നതാണ് ശ്രദ്ധേയം. എങ്കിലും കല്‍പ്പറ്റയുടെ കാര്യത്തില്‍ യുഡിഎഫില്‍ അവകാശവാദം ഉന്നയിക്കുന്നത് ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് അടിസ്ഥാനപ്പെടുത്തിയായിരിക്കും.1987ലെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാർത്ഥിയായ സി മമ്മൂട്ടി കൽപ്പറ്റയില്‍ തോറ്റതോടെയാണ് കോണ്‍ഗ്രസും ലീഗും തിരുവമ്പാടിയും കല്‍പ്പറ്റയും വെച്ചുമാറുന്നത്. വർഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു കൈമാറ്റ ചർച്ച തിരുവമ്പാടിയില്‍ ഉണ്ടാകുമ്പോഴാണ് കൽപ്പറ്റക്കായും അവകാശവാദം ഉയരുന്നത്. നിലവില്‍ ടി സിദ്ദീഖ് ആണ് കല്‍പ്പറ്റയിലെ യുഡിഎഫ് എംഎല്‍എ. 5470 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സിദ്ദീഖ് വിജയിച്ചത്. സിദ്ദീഖ് തന്നെ തുടരുമെന്ന് കരുതിയിരിക്കെ ഉയർന്ന ജില്ല ലീഗിന്‍റെ ആവശ്യം പരിഹരിക്കാൻ മറ്റെന്തെങ്കിലും ഫോർമുല ആലോചിക്കേണ്ട വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളിൽ ചിലരെങ്കിലും കരുതുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam