കൊവിഡ്: വയനാട്ടില്‍ നിരീക്ഷണത്തിലുള്ളവരെ മൊബൈല്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യും

By Web TeamFirst Published Mar 21, 2020, 12:13 PM IST
Highlights

നിരീക്ഷണത്തിൽ ഇരിക്കുന്ന  ആളുകൾ അവർ താമസിക്കുന്ന സ്ഥലത്തിന് പുറത്തിറങ്ങിയാല്‍ ഉടന്‍ പൊലീസ് 

മാനന്തവാടി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസൊലേഷനില്‍ കഴിയാതെ ഇറങ്ങി നടക്കുന്നവരെ കണ്ടെത്താന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടി വയനാട് ജില്ലാ ഭരണകൂടം. വയനാട്ടില്‍ ഐസൊലേഷന്‍ കഴിയുന്നതിനിടെ ഇറങ്ങി നടക്കുന്നവരെ കണ്ടെത്താന്‍ ജിയോ ഫെന്‍സിംഗ് സംവിധാനം ഉപയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. കറങ്ങി നടക്കുന്നവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവരുടെ സഞ്ചാരപഥം നിരീക്ഷിക്കാനാണ് പദ്ധതി

കൊറോണ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി രോഗ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു വീടുകളിലും, ആശുപത്രികളിലും കഴിയുന്നവരെ നിരീക്ഷിക്കാനാണ് ജില്ലാ സൈബർ സെല്ലിൽ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഐസോലേഷനിൽ കഴിയുന്ന ആളുകളെ ഏത് സമയത്തും നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ സാധിക്കും.  

നിരീക്ഷണത്തിൽ ഇരിക്കുന്ന  ആളുകൾ അവർ താമസിക്കുന്ന പ്രദേശത്തുനിന്ന് പുറത്തുകടന്ന്‌ മറ്റെവിടെയെങ്കിലും യാത്ര ചെയ്താൽ ആ നിമിഷം തന്നെ സൈബർ സെല്ലിലുള്ള ജിയോ ഫെൻസിങ്  സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുകയും, ജില്ലാ പോലീസ് കൊറോണ സെല്ലിനും ജില്ലാ പോലീസ് മേധാവിക്കും സന്ദേശം ലഭിക്കും. ഇപ്രകാരം നിർദേശങ്ങൾ പാലിക്കാതെ സഞ്ചരിക്കുന്ന ആളുകളുടെ ജിപിഎസ് ലൊക്കേഷൻ സഹിതമാണ് പോലീസിന് വിവരം ലഭിക്കുന്നത് ഇതോടെ ഇവര്‍ക്കെതിരെ എളുപ്പം നടപടിയെടുക്കാന്‍ പൊലീസിനാവും. 

അതിനിടെ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആള്‍ക്കൂട്ടം ചേരരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് ഇരുന്നൂറിലേറെ പേരെ പങ്കെടുപ്പിച്ച് ജുമുഅ നമസ്കാരം നടത്തിയ രണ്ട് പള്ളികളുടെ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വൈത്തിരി ടൗണ്‍ ജുമഅ പള്ളി, ചുണ്ടേല്‍ ജുമുഅത് പള്ളി എന്നിവയുടെ ഭാരവാഹികള്‍ക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തിട്ടുണ്ട്. 

വയനാട്ടില്‍ ക്വാറന്‍റൈന്‍ നിർദേശം അവഗണിച്ച് നാട്ടില്‍ കറങ്ങി നടന്നതിനും, രോഗത്തെകുറിച്ച് വ്യാജപ്രചാരണം നടത്തിയതിനും ഇന്നലെ മൂന്നുപേർ അറസ്റ്റിലായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അധികൃതരുടെ നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. 

ക്വാറന്‍റൈന്‍ നിർദേശം അവഗണിച്ച് നാട്ടില്‍ കറങ്ങി നടന്ന മുട്ടില്‍ സ്വദേശികളായ രണ്ട് പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവർ ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. നിരീക്ഷണ കാലയളവില്‍ വീട്ടില്‍ കഴിയണമെന്നും പുറത്തിറങ്ങരുതെന്നുമുള്ള ആവർത്തിച്ചുള്ള മുന്നറിയിപ്പ് ഇരുവരും അവഗണിച്ചതിനെതുടർന്നാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനായി ഇരുവരെയും ജാമ്യത്തില്‍വിട്ടു.

കല്‍പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലില്‍വച്ച് നാലാംമൈല്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിനാണ് പൊഴുതന മൈലുപാത്തി സ്വദേശി ഫഹദിനെ അറസ്റ്റ് ചെയ്തത്. ഫഹദ് അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ച വ്യാജ സന്ദേശം പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ഈ ഗ്രൂപ്പില്‍ അംഗങ്ങളായ കൂടുതല്‍പേർക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നും കല്‍പറ്റ പോലീസ് വ്യക്തമാക്കി. നേരത്തെ രോഗത്തെകുറിച്ച് വ്യാജപ്രചാരണം നടത്തിയ വെള്ളമുണ്ട സ്വദേശി ഹാരിസിനെയും അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചു കൊണ്ട് ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ ഈ മാസം ഇനി ബലികർമങ്ങൾ ഉണ്ടാകില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. നടതുറക്കുന്ന സമയം രാവിലെ 5.30 മുതൽ 10 മണി വരെയും വൈകീട്ട് 6 മുതൽ 8 വരെയും ആയി ചുരുക്കിയിട്ടുണ്ട്. 

മാനന്തവാടി രൂപതയുടെ കീഴിലുള്ള കേരളത്തിലേയും തമിഴനാട്ടിലേയും ഇടവകകളിൽ ഞായറാഴ്ച വിശുദ്ധ കുർബാന വേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  വൈദികരോട് വീട്ടിൽ സ്വകാര്യമായി കുർബാന അർപ്പിക്കാനാണ് രൂപത നിര്‍ദേശിച്ചിരിക്കുന്നത്. ഈ മാസം ഇടവക പൊതു യോഗങ്ങളും ഒഴിവാക്കണം രൂപത്താമെത്രാൻ ജോസ് പൊരുന്നേടം ആണ് ഉത്തരവ് ഇറക്കിയത്.

click me!