വയനാട് സജ്ജം! ജില്ലയിൽ 97 ശതമാനം ഗാർഹിക പോളിംഗ്; വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പൂർത്തിയായി; വോട്ടെടുപ്പ് ഏപ്രിൽ 9-ന്

Published : Apr 07, 2026, 03:36 PM IST
Vote

Synopsis

ഏപ്രിൽ 9-ന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ജില്ലയിൽ വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നടത്തിയ ഹോം വോട്ടിംഗിൽ 97 ശതമാനത്തിലധികം പേർ പങ്കെടുത്തത് ശ്രദ്ധേയമായി. 

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ജില്ലയിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ 'ഹോം വോട്ടിംഗ്' സംവിധാനത്തിന് ജില്ലയിൽ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഏപ്രിൽ 5 ഞായറാഴ്ച സമാപിച്ച ഗാർഹിക വോട്ടെടുപ്പിൽ ജില്ലയിലെ യോഗ്യരായ വോട്ടർമാരിൽ 97 ശതമാനത്തിലധികം പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.

ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി ആകെ 4,438 വോട്ടർമാരാണ് ഹോം വോട്ടിംഗിനായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 4,317 പേരും സ്വന്തം വീടുകളിൽ നിന്ന് വോട്ട് രേഖപ്പെടുത്തി.

മാനന്തവാടി മണ്ഡലത്തിലെ ആകെയുള്ള 1,484 ഹോം വോട്ടർമാരിൽ 1,445 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, കൽപ്പറ്റയിൽ 1,370 പേരിൽ 1,339 പേരും സമ്മതിദാന അവകാശം വിനിയോഗിച്ചു. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ 1,584 വോട്ടർമാരിൽ 1,533 പേരാണ് ഹോം വോട്ടിംഗിൽ പങ്കാളികളായത്. വോട്ടർമാരുടെ സ്വകാര്യത ഉറപ്പാക്കാനും ബാലറ്റിന്റെ രഹസ്യസ്വഭാവം നിലനിർത്താനും പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കിയത്. പോളിങ്ങിനുശേഷം ബാലറ്റുകൾ സുരക്ഷിതമായി സീൽ ചെയ്ത് നിയുക്ത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.

അതേസമയം, ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കേണ്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കമ്മീഷൻ ചെയ്യുന്ന പ്രക്രിയയും പൂർത്തിയായിട്ടുണ്ട്. ഓരോ നിയോജകമണ്ഡലത്തിലും ഉപയോഗിക്കേണ്ട ബാലറ്റ് യൂണിറ്റുകളിൽ ബാലറ്റ് ലേബലുകൾ ഒട്ടിക്കുകയും ബാലറ്റ്, കൺട്രോൾ, വിവിപാറ്റ് (VVPAT) യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കി സീൽ ചെയ്യുകയും ചെയ്തു.

ജില്ലയിലെ 715 പോളിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ വോട്ടിംഗ് മെഷീനുകൾക്ക് പുറമെ, 20 ശതമാനം റിസർവ് വോട്ടിംഗ് മെഷീനുകളും 30 ശതമാനം റിസർവ് വിവിപാറ്റ് മെഷീനുകളും കമ്മീഷൻ ചെയ്ത് ഉപയോഗത്തിന് തയ്യാറാക്കി വെച്ചിട്ടുണ്ട്.

മണ്ഡലം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 227 ബൂത്തുകളുള്ള കൽപ്പറ്റ നിയോജകമണ്ഡലത്തിൽ 272 ബാലറ്റ് - കൺട്രോൾ യൂണിറ്റുകളും 295 വിവിപാറ്റ് യൂണിറ്റുകളും കമ്മീഷൻ ചെയ്തു. 251 ബൂത്തുകളുള്ള മാനന്തവാടി സെഗ്‌മെന്റിൽ 301 ബാലറ്റ് - കൺട്രോൾ യൂണിറ്റുകളും 326 വിവിപാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. 237 ബൂത്തുകളുള്ള സുൽത്താൻ ബത്തേരിയിൽ 284 ബാലറ്റ് - കൺട്രോൾ യൂണിറ്റുകളും 308 വിവിപാറ്റ് യൂണിറ്റുകളും പ്രവർത്തനക്ഷമമാക്കി. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് ജില്ല പൂർണ്ണമായും സജ്ജമാണെന്ന് വരണാധികാരികൾ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം വരാന്‍പോകുന്ന യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കും: കെസി വേണുഗോപാല്‍ എംപി
ഫണ്ടെവിടെ വീടെവിടെ കോൺഗ്രസേ, നിങ്ങൾ പിരിച്ചതല്ലേ...; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറ്റി വൈറാലായി പാരഡി ഗാനം; പിന്നിൽ പ്രവാസി കൂട്ടായ്മ