
വയനാട്: വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സന്ദർശനത്തിനിടെ കെ റഫീഖിന്റെ ഇടപെടലിൽ വയനാട് സിപിഎമ്മിൽ അതൃപ്തി പുകയുന്നു. ജില്ലാ സെക്രട്ടറിയുടെ പദവിക്ക് യോജിക്കാത്ത രീതിയിൽ റഫീഖ് പെരുമാറി എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. മുതിർന്ന നേതാക്കളെ പോലും അറിയിക്കാതെ റഫീഖ് ടൗൺഷിപ്പിൽ പോയതിലും നേതാക്കൾക്ക് നീരസമുണ്ട്. സൈബർ ആക്രമണത്തിന് പിന്നാലെ മമ്മൂട്ടി കെ റഫീഖിനെ വിളിക്കുകയും റഫീഖ് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തതോടെ സൈബർ സംഘങ്ങളെ തണുപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ വിവാദം വയനാട് ജില്ലയിലെ സിപിഎം നേതാക്കളിൽ വലിയ നീരസം ഉണ്ടാക്കിയിട്ടുണ്ട്.
മമ്മൂട്ടിക്ക് ഒപ്പമുള്ള പെരുമാറ്റം ജില്ലാ സെക്രട്ടറിയെന്ന പദവിക്ക് യോജിക്കാത്തത് ആയിരുന്നുവെന്നാണ് നേതാക്കളിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. മുതിർന്ന സി പി എം നേതാക്കളെ പോലും അറിയിക്കാതെ ഡിവൈഎഫ്ഐ നേതാക്കളെ കൂട്ടി പോയത് റീൽസ് എടുക്കാനുള്ള ഉദ്ദേശം വച്ചാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിവാദത്തിലൂടെ പാർട്ടിയോട് ഏറ്റവും ചേർന്നുനിൽക്കുന്ന മമ്മൂട്ടിക്ക് അവമതിപ്പുണ്ടാക്കിയത് ശരിയായില്ലെന്നും നേതാക്കൾ രഹസ്യമായി പറയുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാർ ഏറ്റവും ഉയർത്തിക്കാട്ടുന്ന ടൗൺഷിപ്പിന് കൂടി വിവാദം കളങ്കമായി മാറിയെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. സംഭവം വൻ വിവാദമായ സാഹചര്യത്തിൽ അടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായേക്കും.
ഗഗാറിൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് കരുതിയിരിക്കേയാണ് സി കെ ശശീന്ദ്രന്റെ പിന്തുണയോടെ അപ്രതീക്ഷിതമായി റഫീഖ് വയനാട് ജില്ലാ സെക്രട്ടറി സ്ഥാനം പിടിച്ചെടുത്തത്. മന്ത്രി മുഹമ്മദ് റിയാസിന്റെ പിന്തുണയും റഫീഖിന് സെക്രട്ടറി സ്ഥാനം ലഭിക്കുന്നതിൽ നിർണായകമായി. എന്നാൽ പിന്നീട് ഉണ്ടായ ചില വിവാദങ്ങളിലും റഫീഖ് പ്രതിസ്ഥാനത്തായിരുന്നു. വിഭാഗീയത ആരോപിച്ച് മുതിർന്ന നേതാവ് എ വി ജയൻ പാർട്ടിയിൽ നിന്ന് പുറത്തു പോകുന്ന സാഹചര്യം ഉണ്ടായതും നേതൃത്വത്തിന്റെ വീഴ്ചയുടെ ഫലമാണെന്നായിരുന്നു വിമർശനം. കെ റഫീഖിന് നേരെയുള്ള മമ്മൂട്ടിയുടെ സംഭാഷണം സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനത്തിനാണ് വഴിവെച്ചത്. ഇതോടെ മമ്മൂട്ടി തന്നെ പ്രശ്ന പരിഹാരത്തിന് രംഗത്തെത്തുകയായിരുന്നു.
മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ചതായും തങ്ങൾക്കിടയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും കെ റഫീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന താൻ, പ്രിയപ്പെട്ട നടന് തിരക്കും ബഹളവും മൂലം അലോസരമുണ്ടാകരുത് എന്ന കരുതലോടു കൂടിയാണ് അവിടെ ഇടപെട്ടതെന്ന് റഫീഖ് പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിഥികളെ സ്വീകരിക്കുന്നത് സ്വാഭാവികമായ രീതി മാത്രമാണെന്നും റഫീഖ് പറഞ്ഞു.
തൻറെ സാന്നിധ്യം രാഷ്ട്രീയമായ മറ്റൊരു നിലയിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് റഫീഖ് വിശദീകരിച്ചു. ഇക്കാര്യം മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് വ്യക്തമാക്കിയതായും റഫീഖ് പറഞ്ഞു. വ്യക്തിപരമായ സംഭാഷണത്തെ തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റാൻ ചില മാധ്യമങ്ങളും സൈബർ കേന്ദ്രങ്ങളും ശ്രമിച്ചതാണ് വിഷയം വഷളാക്കിയത്. സർക്കാരിൻറെ ഇച്ഛാശക്തിയിൽ ഉയർന്നുവന്ന മാതൃകാപരമായ ഈ ടൗൺഷിപ്പിൻറെ തിളക്കം ഇത്തരം വിവാദങ്ങൾ മൂലം കുറഞ്ഞുപോകരുതെന്നും റഫീഖ് അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam