വയനാട് മരം മുറി അന്വേഷണ സംഘത്തിൽ മാറ്റം; ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയ ഡിഎഫ്ഒയെ മാറ്റി

By Web TeamFirst Published Jun 11, 2021, 11:56 AM IST
Highlights

മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥ വീഴ്ച കണ്ടത്തിയത് ധനേഷ് ആയിരുന്നു. പുനലൂർ ഡിഎഫ്ഒ ബൈജു കൃഷ്ണനാണ് പകരം ചുമതല.

തിരുവനന്തപുരം: മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ ഡിഎഫ്ഒ ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റി. മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ ധനേഷിനെ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് നടപടി. മാറ്റം അറിഞ്ഞില്ലെന്ന് വനം മന്ത്രി പറഞ്ഞപ്പോൾ അന്വേഷണം അട്ടിമറിക്കാനാണ് നടപടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മുട്ടിൽ മരം മുറിയെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് അന്വേഷണ സംഘത്തിലെ പൊളിച്ചെഴുത്ത്. മരം മുറിച്ച് കടത്തിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് കോഴിക്കോട് ഫ്ലയിംഗ് സ്കാവ്ഡ് ഡിഎഫ്ഒ ആയിരുന്ന പി ധനേഷ്കുമാറായിരുന്നു. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരിൽ ഒരാൾ ധനേഷ്കുമാറായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. എന്നാൽ കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡിലേക്ക് മടങ്ങാൻ വനംവകുപ്പ് ധനേഷിന് നിർദ്ദേശം നൽകി. പുനലൂർ ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ബൈജു കൃഷ്ണനെ പകരം നിയമിച്ചു. മാറ്റം ഭരണപരമായ കാരണം കൊണ്ടാണെന്നാണ് വനംവകുപ്പ് വിശദീകരിക്കുമ്പോൾ മന്ത്രി ഇക്കാര്യം അറിഞ്ഞില്ലെന്നാണ് വിശദീകരിക്കുന്നത്.

മുട്ടിൽ മരം കേസിലെ പ്രതി റോജി അഗസ്റ്റിൻ ചില മാധ്യമങ്ങളിലൂടെ ധനേഷിന് കോഴ നൽകിയെന്ന് ആരോപിച്ചിരുന്നു. പ്രതിയുടെ ആരോപണത്തിന് പിന്നാലെ ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമായി. ഇതിനിടെ മരം മുറിയിൽ നിലവിലെ വനംമന്ത്രിയും മുൻ വനംമന്ത്രിയും പ്രകടിപ്പിക്കുന്നത് വ്യത്യസ്ത നിലപാടുകൾ. മുഴുവൻ വീഴ്ചയും റവന്യുവകുപ്പിനാണെന്ന് ശശീന്ദ്രൻ പറയുമ്പോൾ വനംവകുപ്പിന് വീഴ്ചയുണ്ടായെന്ന് മുൻമന്ത്രി കെ രാജു പ്രതികരിച്ചു. അതിനിടെ മരം മുറികേസിലെ പ്രതി റോജി അഗസ്റ്റിനെ 2020 ൽ കണ്ടിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ സമ്മതിച്ചു. തന്നെ വന്ന് കണ്ടെങ്കിലും ഒരുസഹായവും ചെയ്തിട്ടില്ലെന്നും ശശീന്ദ്രൻ വിശദീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!